പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഭാരതം ട്വന്റി20 ക്രിക്കറ്റിലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ലോകകപ്പ് സ്വന്തമാക്കി. ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും രാജാക്കന്മാരായി നിന്നിട്ടും കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ലോകവിജയം ഭാരതത്തെ അനുഗ്രഹിച്ചിരുന്നില്ല. അതിനിടെ 10 ഐസിസി ടൂര്‍ണമെന്റുകള്‍ നടന്നെങ്കിലും നിരാശയോടെ മടങ്ങാനായിരുന്നു ഭാരതതാരങ്ങളുടെ വിധി. 2007ലാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഭാരതം പ്രഥമ ട്വന്റി20 കിരീടത്തില്‍ മുത്തമിട്ടത്. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തില്‍ നേടി. എന്നാല്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകര്‍ക്കും സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോണിയെന്ന ഭാരത ക്രിക്കറ്റിലെ അതികായന് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു ഐസിസി ട്രോഫി ഭാരതത്തിന് കിട്ടാക്കനിയായിരുന്നു. അതിന് അവസാനം കുറിച്ചാണ് രോഹിത് ശര്‍മയും സംഘവും കരീബിയന്‍ മണ്ണില്‍ ട്വന്റി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍ണായക മല്‍സരങ്ങളിലെല്ലാം തോല്‍വി ശീലമാക്കിയ ടീമില്‍ നിന്നും ഐതിഹാസികമായ മടങ്ങിവരവാണ് ഭാരതം നടത്തിയത്. പരാജയം മണക്കുന്ന മത്സരത്തില്‍ നിന്ന് അത്ഭുതകരമായ ആത്മവിശ്വാസത്തോടെ മടങ്ങിവരുന്ന ടീമിനെയാണ് ഫൈനലില്‍ ക്രിക്കറ്റ് ലോകം കണ്ടത്.
ലോകകപ്പ് വിജയത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ പിറന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും പ്രതിഭ കൊണ്ട് രാജവാഴ്ച നടത്തിയ വിരാട് കോഹ്ലി ഫൈനലില്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം, എപ്പോഴും മുന്നില്‍ നിന്ന് നയിക്കുന്ന രോഹിത് ശര്‍മയുടെ ചടുലമായ നായകത്വം, ജസ്പ്രീത് ബുംറ എന്ന അതിവേഗ ബൗളറുടെ മിന്നും പ്രകടനം, 1983 ലോകകപ്പില്‍ ഭാരതത്തിന്റെ ഗതി മാറ്റിയ കപില്‍ ദേവിന്റെ ക്യാച്ചിനെ അനുസ്മരിപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ അതിശയകരമായ ക്യാച്ച്. അവസാന ഓവറില്‍ വെറും എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളുമായി വിജയം ഉറപ്പിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്, മികച്ച ഓള്‍റൗണ്ടര്‍ ആണെന്ന് അടിവരയിട്ട് പ്രഖ്യാപിച്ച് ബാറ്റ് കൊണ്ടുംണ്ട പന്ത് കൊണ്ടും മികവ് കാട്ടിയ അക്സര്‍ പട്ടേല്‍. കോച്ചിന്റെ രൂപത്തില്‍ പിന്‍ബലമായി നിന്ന വന്മതില് രാഹുല്‍ദ്രാവിഡ്….. ഭാരതവിജയത്തിന്റെ അവകാശികള്‍ പലരാണ്.
അവസാന ഓവര്‍ എറിയാന്‍ എത്തിയ ഹാര്‍ദിക്കിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് എടുത്ത ആ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മഹത്തായ ക്യാച്ചുകളുടെ കൂട്ടത്തില്‍ ഒന്നായിരിക്കും. അവിശ്വനീയമായിരുന്നു ആ കാഴ്ച. അസാമാന്യമായ ബുദ്ധിയും ഏകാഗ്രതയും മനസ്സാന്നിധ്യവും പ്രതിഭയും ഉള്ള ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നത്. ആ ക്യാച്ചിന്റെ പ്രതിഭയിലുണ്ട് ഭാരതത്തിന്റെ വിജയദാഹം.
ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി ഭാരത ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം കളിക്കാര്‍ ആയി രോഹിത് ശര്‍മ്മയും വിരാട് കോലിയും മാറും. ഇവര്‍ക്കൊപ്പം രവീന്ദ്രജഡേജയും വിരമിക്കല്‍ അറിയിച്ചു.
‘ഞങ്ങളുടെ ടീം ട്വന്റി20 ലോകകപ്പ് കിരീടം വീട്ടിലേക്ക് കൊണ്ടുവരുന്നു! ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്. 140 കോടിയിലധികം ഭാരതീയരും ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു.’ എന്നാണ് വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്.
ഭാരതത്തിന്റെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങള്‍ക്ക് ആവേശവും സന്തോഷവും അഭിമാനവും നല്കിയ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: