തിരുവനന്തപുരം: തൊഴില്‍ മര്യാദ കാറ്റില്‍ പറത്തി അദ്ധ്യാപകരെ അടിമകളാക്കി മാറ്റാനുള്ള നീക്കം ചെറുക്കമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍. സംസ്ഥാനവ്യാപകമായി എന്‍ടിയു ആഹ്വാനം ചെയ്ത ക്ലസ്റ്റര്‍ ബഹിഷ്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.
എട്ടു മണിക്കൂര്‍ തൊഴില്‍ എട്ടു മണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്നതാണ് അന്താരാഷ്ട്ര തൊഴില്‍ മര്യാദ എന്നിരിക്കെ അദ്ധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ അവധി ദിവസങ്ങള്‍ പ്രവൃത്തിദിനങ്ങള്‍ ആക്കുന്നത് നീതീരിക്കാനാവില്ല. അദ്ധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് സംതൃപ്തമായി അവരുടെ ജോലി നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കും.
യാതൊരു ചര്‍ച്ചയോ അഭിപ്രായ രൂപീകരണമോ കൂടാതെ അദ്ധ്യാപകര്‍ക്കു ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിലെ അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കും. അദ്ധ്യാപക വഞ്ചന നടത്തുന്ന ഭരണപക്ഷ അദ്ധ്യാപക സംഘടന ഭരണകക്ഷിയുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണെന്നും കെഎസ്ടിഎയുടെ ഇരട്ടത്താപ്പ് അദ്ധ്യാപകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എ. അരുണ്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കണ്‍വീനര്‍ പാറങ്കോട് ബിജു, ജില്ലാ സെക്രട്ടറി ഇ. അജികുമാര്‍, കെ.എസ്. രാജേഷ്, പി. വിജുരാജ് കെ.വി. അഭിലാഷ്, എം.എം. ആദര്‍ശ്, വരുണ്‍ കൃഷ്ണന്, സിനി എം.എസ്, മഞ്ജുഷ, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ ഉപജില്ല കേന്ദ്രങ്ങളിലും ക്ലസ്റ്റര്‍ ബഹിഷ്കരണത്തോടൊപ്പം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
വിദ്യാഭ്യാസ അവകാശനിയമത്തെ അവഗണിച്ചും മുസ്ലിംകലണ്ടര് പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയും ശനിയാഴ്ചകള് പ്രവൃത്തി ദിനങ്ങളാക്കി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനും ചട്ടവിരുദ്ധമായി ആറാം പ്രവൃത്തി ദിനം അടിച്ചേല്പിച്ചതിനുമെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് പ്രഖ്യാപിച്ച ക്ലസ്റ്റര്‍ ബഹിഷ്കരണം സര്‍ക്കാരിന്റെ പിടിവാശിക്കുള്ള താക്കീതായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക ക്ലസ്റ്റര്‍ പരിശീലന കേന്ദ്രങ്ങളിലും അദ്ധ്യാപകരുടെ ഹാജര്‍ നില മുപ്പത് ശതമാനത്തില്‍ താഴെയായിരുന്നു. നാമമാത്രമായ ഹാജര്‍ രേഖപ്പെടുത്തിയ കേന്ദ്രങ്ങളുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മര്‍ദങ്ങളും ഭരണാനുകൂല സംഘടനയുടെ ഭീഷണിയും മറികടന്നാണ് അധ്യാപക സമൂഹം ക്ലസ്റ്റര്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സ്വീകരിച്ചത്. സര്‍ക്കാര്‍ യഥാര്ത്ഥ്യമുള്ക്കൊണ്ട് പിടിവാശി ഉപേക്ഷിക്കാന്‍ തയാറാകണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: