മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് നിറയെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ധനമന്ത്രി അജിത് പവാര്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്. ബിജെപി-ശിവസേന(ഷിന്‍ഡേ പക്ഷം)-എന്‍സിപി(അജിത് പവാര്‍) സഖ്യമുന്നണി സര്‍ക്കാരായ മഹായുധി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പൊതുജനത്തിനും സൈനികര്‍ക്കും ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അതില്‍ സ്ത്രീകളെപ്പോലെ കര്‍ഷകര്‍ക്കും നിരവധി ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. 7എച്ച് പി മോട്ടോര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യ വൈദ്യുതി നല്‍കുക.
കൃഷിക്കായി പമ്പുകള്‍ ഉപയോഗിച്ച കര്‍ഷകരുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളും. ഏകദേശം 46 ലക്ഷം കര്‍ഷകര്‍ക്ക് ഈ സഹായം ലഭിയ്ക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിച്ചുനല്‍കുന്ന പദ്ധതി സംഗ്ലി, ഹൈസാല്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കും ഇതിന് 1594 കോടി ചെലവാക്കും. സോളാപൂര്‍, സംഗ്ലി മേഖലയിലെ 75,000 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്ക്കും. ജലസേചനം നടത്താനുള്ള വൈദ്യുതിയെല്ലാം സൗരോര്‍ജ്ജം വഴി നല്‍കും. ജനായ്-ഷിര്‍സെ, പുരന്തര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഇനി സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കും. 4200 കോടി ഇതിന് ചെലവാക്കും.
വെയ്ന്‍ഗംഗ-നളഗംഗ ഇന്റര്‍ലിങ്കിംഗ് പദ്ധതി 3.71 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ഗുണം ലഭിയ്ക്കും. നാഗ് പൂര്, വാര്‍ധ, അമരാവതി, യവത് മാള്‍, അകോല, ബുല്‍ദാന ജില്ലകളിലെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിയ്ക്കും. കോലാപൂര്‍, സംഗ്ലി ജില്ലകളില്‍ ഉയരുന്ന പ്രളയജലം വരള്ച്ചബാധിതാ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടാന്‍ പദ്ധതി നടപ്പാക്കും. ഇവിടെ വെള്ളപ്പൊക്കം മൂലം ജീവനും സ്വത്തും നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്കാന് 3200 കോടി രൂപ നീക്കിവെയ്ക്കും.
മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: