നൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഉത്തരവാദിത്വബോധമുള്ള ഒരു പ്രതിപക്ഷ നേതാവാക്കി വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് രാഹുലിന്റെ പയ്യന് ലുക്കില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ആദ്യ നീക്കം. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ഗാന്ധി ഇന്നലെ മുതല്‍ ടീ ഷര്‍ട്ടില്‍ നിന്ന് വെളുത്ത കുര്‍ത്തയിലേക്ക് വേഷം മാറി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഗൗരവമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ടീഷര്‍ട്ട് പോരെന്നായിരുന്നു ഖാര്‍ഗെയുടെ നിര്‍ദ്ദേശം. സത്യപ്രതിജ്ഞാ വേളയില്‍ പോലും ഭാരത് ജോഡോ യാത്രയില്‍ പതിവാക്കിയിരുന്ന ടീഷര്‍ട്ട് ആയിരുന്നു രാഹുല്‍ഗാന്ധി ധരിച്ചത്. ഇന്നലെ മുതല്‍ അതിനെല്ലാം മാറ്റം വന്നു. എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും എല്ലാം പിതാവ് രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് കിട്ടിയ നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്‍ഡി സഖ്യത്തിന്റെ കൂടെ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നു. അതനുസരിച്ച് സഖ്യത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുള്ള ഒരു നേതാവാണ് താണെന്ന് തെളിയിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിന്റെ ആകെ നേതാവായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെങ്കിലും സഖ്യകക്ഷികളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല . മുതിര്‍ന്ന ഒരു നേതാവിലേക്ക് രാഹുല്‍ ഇനിയും വളരെയേറെ വളരാനുണ്ടെന്നാണ് സഖ്യ കക്ഷികള്‍ അന്നു നിലപാടെടുത്തത്. ആലോചനയില്ലാത്ത പ്രതികരണവും ഗൗരവസ്വഭാവമില്ലാത്ത സംഭാഷണ ശൈലിയും വേഷത്തില്‍ പോലും പ്രകടമാകാത്ത പാകതയും രാഹുല്‍ഗാന്ധിക്ക് ദോഷം ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം നില മെച്ചപ്പെടുത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാണിക്കാമെന്ന മനോഗതിയിലേക്ക് പ്രതിപക്ഷ സഖ്യകക്ഷികള്‍ എത്തിപ്പെട്ടത്. വ്യത്യസ്ത താല്പര്യങ്ങളുള്ള ഇത്രയേറെ ചെറു കക്ഷികളെ കൂട്ടിയിണക്കി പ്രതിപക്ഷ സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശേഷിയുണ്ടോ എന്നുള്ള പരീക്ഷണമായിരിക്കും ഇനിയുള്ള നാളുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: