ന്യൂദല്‍ഹി: ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെടാതെ ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. പ്രോടെം സ്പീക്കര്‍ സ്ഥാനത്തേക്ക് ദളിതനെ അവഗണിച്ചെന്ന ജാതികാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ അവര്‍ മത്സരിപ്പിച്ചത്. പ്രോടെം സ്പീക്കറായി സുരേഷിനെ പരിഗണിക്കാത്തതിന്റെ പ്രതിഷേധം എന്ന നിലയ്ക്ക് കൂടിയായിരുന്നു ഇത്. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ കോണ്‍ഗ്രസ് നാണംകെടുകയായിരുന്നു.
എന്‍ഡിഎയെ പിളര്‍ക്കുമെന്നും അട്ടിമറി ജയം നേടുമെന്നും പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ അടക്കമുള്ളവര്‍ മുന്നണിയിലെ അനൈക്യം പുറത്തുവരുമെന്ന് പേടിച്ച് വോട്ടിങ് ആവശ്യപ്പെടാന്‍ ധൈര്യപ്പെട്ടില്ല. കൊടിക്കുന്നിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്‍ഡി മുന്നണിയില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. ആദ്യവെടി പൊട്ടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. തങ്ങളോട് ആലോചിക്കാതെയാണ് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. രാഹുല്‍ നേരിട്ട് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും മമതയുമായി സംസാരിക്കാനാണ് ഇവര്‍ പറഞ്ഞത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മമതയുമായി ബന്ധപ്പെടുകയും ചെയ്തതോടെ കാര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാവുകയായിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്‍ഡി എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുമാവില്ലായിരുന്നു. രണ്ടു എംപിമാരാകട്ടെ ജയിലിലുമാണ്. ഡിഎംകെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആവേശം കാണിക്കാതിരുന്നതും കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കി. വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിജു ജനതാള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കണ്ടെന്ന നിലപാടിലായിരുന്നുവെന്നാണ് സൂചന.
സ്വതന്ത്രര്‍ എന്‍ഡിഎയ്ക്ക് അനുകൂലമായാണ് നിലപാടെടുത്തിരുന്നത്. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ നാട്ടുകാരനായ ഓം ബിര്‍ളയ്ക്ക് വോട്ടുചെയ്യുമോയെന്ന പേടിയും നേതൃത്വത്തിനുമുണ്ടായിരുന്നു. ഫലത്തില്‍ കൊടിക്കുന്നിലിനെ വേഷം കെട്ടിച്ച് അവഹേളിക്കുകയായിരുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: