ന്യൂദല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്ത് മോദിയുടെ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തി. പത്ത് വര്‍ഷം മുന്‍പ് ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയാണ്.
2014 ഏപ്രിലിലെ 7.9 ദശലക്ഷത്തിൽ നിന്ന് 2024 ഏപ്രിലിൽ ഇന്ത്യയുടെ ആഭ്യന്തര വിമാനക്കമ്പനികളുടെ ശേഷി 15.5 ദശലക്ഷമായി. പത്ത് വര്‍ഷത്തിനുള്ളിൽ ഇരട്ടി വളർച്ചയാണ് ഇന്ത്യ കരസ്ഥമാക്കിയത്. ബ്രസീലിനെ (9.7 ദശലക്ഷം) നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇന്തോനേഷ്യയാണ് (9.2 ദശലക്ഷം) റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത്. യുഎസും (86.1 ദശലക്ഷം) ചൈനയും (67.8 ദശലക്ഷം ) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ .
10 വർഷത്തെ ശരാശരിയിൽ ഇന്ത്യയിലെ വിമാനങ്ങളുടെ സീറ്റുകളുടെ വളർച്ചാ നിരക്ക് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്, പ്രതിവർഷം 6.9 ശതമാനം ആണ് വളർച്ച . ചൈന 6.3 ശതമാനം, യുഎസ്എ 2.4 ശതമാനം, ഇന്തോനേഷ്യ 1.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പ്രകടനം.
ആദ്യ അഞ്ച് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ വിമാന സർവീസുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഏറ്റവും മികച്ചതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഏഴ് ആഭ്യന്തര വിമാനക്കമ്പനികളുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ്, എയറിന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, വിസ്താര എന്നിവയാണ് ഈ ഏഴ് ആഭ്യന്തരവിമാനക്കമ്പനികള്. 2024 ഏപ്രിലിൽ, ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന ശേഷിയുടെ 78.4 ശതമാനവും വഹിക്കുന്നത് ചെലവ് കുറഞ്ഞ വിമാനകമ്പനികളാണ്. ഇൻഡിഗോയാണ് ഈ കുതിപ്പിന് മുന്നിൽ ഉള്ളത് . കഴിഞ്ഞ ദശകത്തിൽ, ഇൻഡിഗോയുടെ വിപണി വിഹിതം 32 ശതമാനത്തിൽ നിന്ന് 62 ശതമാനമായി ഇരട്ടിയായി.
മോദിയുടെ പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി
2014ല്‍ മോദി അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് 74 വിമാനത്താവളങ്ങളാണ്. അതിന് ശേഷം 66 വിമാനത്താവളങ്ങള്‍ പുതിയതായി മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഇന്ത്യയിലെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം 140 ആണ്. ഇതില്‍ ആകെ 119 വിമാനത്താവളങ്ങളാണ് ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നത്. 2027ല്‍ ഇത് 220 ആക്കി ഉയര്‍ത്തുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉഡാന്‍ പദ്ധതി
ഈ വളര്‍ച്ചയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉഡാന്‍ പദ്ധതിയ്ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വളര്‍ത്താന്‍ ഉദ്ദേശിച്ച് നടപ്പാക്കിയതാണ് ഉഡാന്‍ പദ്ധതി. പാവങ്ങള്‍ക്കും വിമാനയാത്ര സാധ്യമാക്കുക അതുവഴി സാമ്പത്തിക വികസനം എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയിലെ 486 വിമാനത്താവളങ്ങളില്‍ 406 എണ്ണം മതിയായ സേവനം നല്കുന്നവയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവയെ സജീവമാക്കാന്‍ പ്രത്യേകം പദ്ധതി രൂപീകരിച്ചിരുന്നു.
ചൈനയിൽ ഇപ്പോള്‍ 250 വിമാനത്താവളങ്ങളാണ് ഉള്ളതെങ്കില്‍ യുഎസിൽ 656 വിമാനത്താവളങ്ങള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: