ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ അന്‍പതാം വര്‍ഷത്തിലും പ്രതിപക്ഷം ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1975 ജൂണ്‍ 25 ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും കളങ്കമുണ്ടാക്കി. എന്നാല്‍ രാജ്യം ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജനാധിപത്യം പുനഃസ്ഥാപിച്ചു. ഒറ്റരാത്രികൊണ്ട് മൊറാര്‍ജി ദേശായി, മോഹന്‍ ധാരിയ, അടല്‍ ബിഹാരി വാജ്പേയി, ലാല്‍ കൃഷ്ണ അദ്വാനി എന്നീ പ്രമുഖരുള്‍പ്പെടെ 9,000 പേര് തടങ്കലിലായി. അവര്‍ 19 മാസത്തിലധികം ജയിലില്‍ കിടന്നു. മിസ, ഡിഐആര്‍ എന്നിവ പ്രകാരം ഏകദേശം 1.4 ലക്ഷം പേരെ അറസ്റ്റുചെയ്തു. ജനസംഘം പ്രവര്‍ത്തകരായ 80,000 പേരെയാണ് തടവിലാക്കിയത്. സുപ്രീംകോടതിയടക്കമുള്ള സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി, മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു.
‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം ജനാധിപത്യത്തിനെതിരായ ആക്രമണമായിരുന്നെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ആശയങ്ങളിലും പ്രവര്‍ത്തനത്തിലും ജനാധിപത്യത്തിന് സ്ഥാനമില്ല. എതിര്‍ക്കുന്നവര്‍ ആരായാലും അവരെ കോണ്‍ഗ്രസ് പാര്ശ്വവല്കരിക്കും. ജനങ്ങളോട് സ്വേച്ഛാധിപതികളെ പോലെ പെരുമാറും
ചരിത്രത്തെക്കുറിച്ച് പരിമിത ധാരണയുള്ള രാഹുലിന് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയുടെ പകര്‍പ്പുകളുമായി വരുന്നു. പക്ഷേ അവര്‍ക്ക് ചരിത്രമറിയില്ല. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന് തുരങ്കം വച്ചതിന് രാജ്യത്തോട് മാപ്പ് പറയാന്‍ അവര്‍ രാജ്ഘട്ട് സന്ദര്‍ശിക്കണം, നഡ്ഡ ചൂണ്ടിക്കാട്ടി.
ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, ദുഷ്യന്ത് ഗൗതം, രാധാ മോഹന്‍ അഗര്‍വാള്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ്, മീഡിയ കോ-ഇന്‍ചാര്‍ജ് ഡോ. സഞ്ജയ് മയൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ പരിപാടികളാണ് ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: