ഫ്രാങ്ക്ഫര്‍ട്ട്: ഇറ്റലി-സ്പെയിന് കടുത്ത പോരാട്ടത്തിന്റെ ക്ഷീണം തീരും മുമ്പേ യൂറോകപ്പില്‍ ഇന്ന് വീണ്ടും കലുഷിത പോരാട്ടങ്ങള്‍. രാത്രി ഒമ്പതരയ്ക്ക് നടക്കുന്ന ഗ്രൂപ്പ് ഇ മത്സരങ്ങളാണ് കടുത്ത പിരിമുറുക്കത്തിന് വഴിവയ്ക്കുക.
സ്ലൊവാക്യയും റൊമേനിയയും തമ്മില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പോരടിക്കുമ്പോള്‍ ഇതേ സമയത്ത് തന്നെ സ്റ്റട്ട്ഗാര്‍ട്ടില്‍ ബെല്‍ജിയവും ഉക്രൈനും തമ്മില്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഇയിലെ ഈ നാല് ടീമുകളും ഓരോ ജയവുമായി മൂന്ന് വീതം പോയിന്റുകള്‍ കരസ്ഥമാക്കി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. പക്ഷേ ഗോള്‍ മികവില്‍ സ്ലൊവാക്യയാണ് ഇപ്പോള്‍ ഒന്നാമത്. കരുത്തരായ ബെല്‍ജിയം രണ്ടാമതും. നാല് ടീമുകള്‍ക്കും മൂന്ന് വീതം പോയിന്റുകള്‍ നേടി നില്ക്കുന്നതിനാല് രണ്ട് കളികളിലും ജയത്തിന് വേണ്ടി കൈയ്മെയ് മറന്ന് പോരടിക്കാനാകും ഇറങ്ങുക. രണ്ട് മത്സരങ്ങളും ഒരേ സമയം നടക്കുമ്പോള്‍ മറ്റൊരു മാര്‍ഗ്ഗത്തിന് നാല് ടീമുകള്‍ക്കും സാധ്യതയില്ലാതാകുന്നു. മത്സരശേഷം നടക്കുന്ന കൂട്ടലും കിഴിക്കലിനും നില്‍ക്കാതെ ജയത്തോടെ മുന്നേറ്റം ഉറപ്പാക്കുക എന്നല്ലാതെ മറ്റൊരു ചിന്തയ്ക്കും ഇവരുടെ മത്സരത്തിന് ഇടമില്ല.
ബെല്‍ജിയത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് തോന്നിച്ച ഗ്രൂപ്പ് ഇയില്‍ ടീം സ്ലൊവാക്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കലങ്ങിമറിയാന്‍ തുടങ്ങിയത്.
ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എഫില്‍ പോര്‍ചുഗല്‍ ജോര്‍ജിയയെ നേരിടും. ഇതേ ഗ്രൂപ്പില്‍ ഇതേ സമയം തുര്‍ക്കി-ചെക്ക് റിപ്പബ്ലിക്ക് പോരാട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: