കൊച്ചി: കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള നീക്കം ഫലവത്തായില്ല. കോടതി ഉത്തരവനുസരിച്ച് പളളി ഏറ്റെടുക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥരും പൊലീസുമിടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ വൈദികര്‍ മടങ്ങി.
1934ലെ ഭരണഘടന പ്രകാരം പുളിന്താനം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന മൂവാറ്റുപുഴ സബ് കോടതി വിധി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളി ഏറ്റെടുക്കാനെത്തിയത്.
കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും എത്തുന്നതറിഞ്ഞ് രാവിലെ എട്ട് മണി മുതല്‍ യാക്കോബായ വിഭാക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. പള്ളിയുടെ ഗേറ്റ് പൂട്ടി ഉളളില്‍ നിന്ന് വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ആര് ഡി ഒ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥരും വന്‍ പൊലീസ് സന്നാഹവും പള്ളിക്ക് ചുറ്റുമുണ്ടായിരുന്നു. എന്നാല്‍ ബലം പ്രയോഗിച്ച് നടപടികള്‍ പാടില്ലെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. രാവിലെ 11 മണിയോടെ പള്ളി ഏറ്റെടുക്കാന്‍ കോര്‍ എപ്പിസ്കോപ ഫാ. ഐസക് ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് പ്രതിനിധികളെത്തിയതോടെ പ്രതിഷേധം ശക്തമായി.
പ്രതിഷേധം കടുത്തതോടെ കോടതി വിധി നടപ്പാക്കാനാവാതെ ഉദ്യോഗസ്ഥരും ഓര്‍ത്തഡോക്സ് വിഭാഗവും മടങ്ങി. അന്യായമായി സംഘം ചേര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞതിനെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: