കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
‘ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും മറ്റുള്ള എല്ലാവരും ഭയാശങ്കകള്‍ കൂടാതെ അതേസമയം തുല്യ അവകാശങ്ങളോടെ പാര്‍ക്കുന്ന രാജ്യമാവണം ഇന്ത്യ. ഇതാണ് നാമുണ്ടാക്കിയ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് അതേവിധം നടപ്പിലാവാനാണ്നമ്മള്നിര്ബന്ധ ബുദ്ധി കാണിച്ചത്’ഇത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വാക്കുകളാണ്, 1952 -ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയത്. ഇതാണ് മുഖര്‍ജിയുടെ നിലപാട്, സമീപനം. അദ്ദേഹം സ്ഥാപിച്ച ഭാരതീയ ജനസംഘത്തിനുംഅതേ നിലപാട് തന്നെയേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്ക്കും തുല്യ നീതി…. .. അതെ, നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ‘സബ് കാ സാഥ് സബ് കാ വികാസ്’. അതെ, മോദി തന്നെയാണ് മുഖര്‍ജി ജീവിതത്തില്‍ ആദ്യാവസാനം ഉയര്‍ത്തിപ്പിടിച്ച പ്രശ്നം, അനുഛേദം 370, ഇല്ലാതാക്കിയതും ഭാരതത്തെ ഒന്നിച്ചു നിര്‍ത്തിയതും .
ഡോ. ശ്യാമപ്രസാദ് മുഖര്ജിരാജ്യം കണ്ട വിദ്യാഭ്യാസ വിചക്ഷണന്മാരില് ഒരാളായിരുന്നു; ദേശീയ വാദി, ഹിന്ദുത്വ ചിന്തയില്‍ ഉറച്ചുനിന്ന് പോരാടിയ രാഷ്ട്രീയ നേതാവ്. ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷന്‍. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താനായി സ്വ ജീവിതം ഹോമിച്ച ധീര ദേശാഭിമാനി. ഇതൊക്കെ പറയുമ്പോഴും അദ്ദേഹം ഒരു തികഞ്ഞ ദേശീയ – മതേതരവാദിയായിരുന്നു എന്നത് മറന്നുകൂടാ. അതാണ് ഈ കുറിപ്പിന്റെ ആദ്യ വാചകങ്ങള്ഓര്മ്മിപ്പിക്കുന്നത്. ദേശീയവാദിയും ജഡ്ജിയും കല്‍ക്കത്ത സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന അശുതോഷ് മുഖര്‍ജിയുടെ മകന്. ശ്യാമപ്രസാദ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിത്തീര്ന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. 33 -മത്തെ വയസില്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ തന്നെ. അതിനിടെ അദ്ദേഹം ഹിന്ദുമഹാസഭയുമായി അടുത്തു. വീര സവര്‍ക്കറുമായുള്ള അടുപ്പം തന്നെയാണ് അതിന് കാരണം; 1939 -ല്‍ ഹിന്ദുമഹാസഭയുടെ ആക്ടിങ് പ്രസിഡന്റുമായി. ആ നിയമനത്തെ ഗാന്ധിജിപോലും സ്വാഗതം ചെയ്തു; ‘ പട്ടേല്‍ (സര്‍ദാര്‍) ഹിന്ദുമനസുള്ള കോണ്‍ഗ്രസുകാരനാണ്; താങ്കള്‍ കോണ്‍ഗ്രസ് മനസുള്ള ഹിന്ദുവും ‘ എന്നാണ് അന്ന് മഹാത്മാ ഗാന്ധി മുഖര്‍ജിയോട് പറഞ്ഞത്. ഒന്നുകൂടി, 1947 -ല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയില്‍ ശ്യാമപ്രസാദിനെ ഉള്‍പ്പെടുത്താന്‍ നെഹ്റുവിന് മേല്‍ നിര്‍ബന്ധം ചെലുത്തിയതും ഗാന്ധിജി തന്നെ.
കല്‍ക്കത്തയിലെ ഭീകര സ്മരണകള്‍
പക്ഷെ മുഖര്‍ജിയുടെ മനസ്സില്‍ ബംഗാളില്‍ നടന്ന ഹിന്ദുവിരുദ്ധ കലാപവും മറ്റും നിറഞ്ഞുനിന്നിരുന്നു എന്ന് തീര്‍ച്ച . മുസ്ലിം ലീഗും മുഹമ്മദാലി ജിന്നയുമൊക്കെ പ്രഖ്യാപിച്ച ‘ഡയറക്റ്റ് ആക്ഷന്‍ ‘ മുതലങ്ങോട്ട് നടന്ന ഭീകരമായ സംഭവവികാസങ്ങള്‍. അന്ന് ജിന്നയും കൂട്ടരും ചെയ്തുകൂട്ടിയതൊക്കെ എച്ച്. വി. ശേഷാദ്രി തന്റെ ‘വിഭജനത്തിന്റെ ദുഃഖകഥ’യില്‍ വിശദീകരിച്ചിട്ടുണ്ട്. ‘നിര്‍ഘൃണമായ കല്‍ക്കത്ത കൂട്ടക്കൊലക്ക് ആഭ്യന്തര വകുപ്പ് കൂടി വഹിച്ചിരുന്ന ബംഗാള്‍ പ്രധാനമന്ത്രി സുഹ്രവര്‍ദി തന്നെ മുന്‍കയ്യെടുത്ത് കളമൊരുക്കി. കല്‍ക്കത്തയിലും പരിസരങ്ങളിലുമുള്ള കുപ്രസിദ്ധ മുസ്ലിം തെമ്മാടികളെയൊക്കെ തിരഞ്ഞുപിടിച്ച് ഒരുമിച്ചുകൂട്ടി അവര്‍ക്ക് വെടിക്കോപ്പുകളും മാരകായുധങ്ങളും നല്കി. കഴിഞ്ഞില്ല; ആഗസ്റ്റ് 16 ന് കല്‍ക്കത്ത വലിയ ലീഗ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചു; അതിനുശേഷം നടന്ന യോഗത്തില്‍ ഓരോ പ്രാസംഗികനും ‘ഹിന്ദുക്കള്‍ക്ക് മരണവും വിനാശവും വരുത്തുമെന്ന് ശപഥം ചെയ്തു…… യോഗത്തില്‍ നിന്ന് പിരിഞ്ഞുപോയവര്‍ ‘ഹിന്ദുക്കള്‍ക്കെതിരെ ബാര്‍ബറന്മാരായ പഴയ ഇസ്ലാം ആക്രമണങ്ങളുടെ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധം വന്‍തോതില്‍ കൊള്ളയും കൊലയും കൊള്ളിവെപ്പും ബലാല്ക്കാരവും നടത്തി’. പതിനായിരത്തിലേറെപ്പേര്‍ കല്‍ക്കത്ത തെരുവില്‍ മരിച്ചുവീണു; 15,000 ലേറെപ്പേര്‍ക്ക് അംഗഭംഗം സംഭവിച്ചു. അന്ന് അവസാനം മുസ്ലിങ്ങള്‍ ഹിന്ദു സമൂഹം ന്യൂനപക്ഷമായ നവഖാലിയിലേക്കും തിപ്പേരായിലേക്കും പ്രവര്‍ത്തന രംഗം മാറ്റി.എച്ച്.വി. ശേഷാദ്രി ആ ഗ്രന്ഥത്തില്‍ പറയുന്നു: ‘ ഹിന്ദുക്കള്‍ക്ക് മേല്‍ അഴിച്ചുവിടപ്പെട്ട ജിഹാദിന്റെ ബീഭത്സത വര്‍ണ്ണനാതീതമായിരുന്നു. കൂട്ടക്കൊല, ഹിന്ദുക്കളുടെ കൂട്ട മാര്‍ക്കം കൂട്ടല്‍ എന്നിവയോടൊപ്പം ബലാല്‍സംഗം, ഹിന്ദു സ്ത്രീകളെ ബലമായി തട്ടിക്കൊണ്ടുപോയി ബലമായി മുസ്ലിങ്ങളുമായി വിവാഹം കഴിപ്പിക്കല്‍.’
ഒന്നുകൂടി ആലോചിച്ചു നോക്കൂ; ഇന്ന് ബംഗാളില്‍ നടക്കുന്നത് ഇതിനൊക്കെ സമാനമായ അവസ്ഥയല്ലേ. അവിടത്തെ ഭരണകക്ഷിക്ക് എതിരായി രാഷ്ട്രീയ നിലപാടെടുക്കുന്നവരെ എന്തൊക്കെയാണ് ഇന്നിപ്പോള്‍ ചെയ്യുന്നത്. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഗരംഗങ്ങളിലെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നില്ലേ. അവര്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്കും ബിജെപി കാര്യാലയങ്ങളിലേക്കും ജീവനും കൊണ്ട് ഓടേണ്ടി വന്നുവല്ലോ. ഇതിനിടയില്‍ ഇതും സ്മരിച്ചു എന്നുമാത്രം.
നെഹ്റുവുമായി യോജിക്കാന്‍ കഴിയാതെ മുഖര്‍ജി
നെഹ്റു മന്ത്രിസഭയിലുള്ളപ്പോഴും നെഹ്രുവിയന്‍ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് പലവേളകളിലും തുറന്ന ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. കശ്മീരിന് പ്രത്യേക പദവി നല്‍കാനുള്ള ശ്രമങ്ങള്‍, ആ സംസ്ഥാനത്തെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ നടത്തിയ കുല്സിത നീക്കങ്ങള്‍ ഒക്കെ അതിനുള്ള കാരണങ്ങളില്‍ ചിലതാണ്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും ആഭ്യന്തര സെക്രട്ടറി വി.പി. മേനോനും ചേര്‍ന്ന് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് കശ്മീരിലെ ഹരി സിങ് മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതിച്ചത്. അതിനായി അന്നത്തെ ആര് എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ സഹായം തേടിയതും മറ്റും ചരിത്രത്തിന്റെ ഭാഗമാണിന്ന്. 1947 -ല്‍ മറ്റു നാട്ടുരാജ്യങ്ങള്‍ ലയിച്ചതിന് സമാനമായ വ്യവസ്ഥകളോടെയാണ് കശ്മീരും ഭാരതത്തിന്റെ ഭാഗമായത്. എന്നാല്‍ അനുഛേദം 370 -ലൂടെ നെഹ്റു അവര്‍ക്ക് പ്രത്യേകാധികാരങ്ങള്‍ നല്കി. ഭാരതത്തിനുള്ളില്‍ മറ്റൊരു രാജ്യമെന്ന സ്ഥിതിയുണ്ടാക്കി. ഭാരതത്തിന്റെ ദേശീയ പതാകയ്ക്ക് പോലും അനുമതി അന്ന് കശ്മീരിലുണ്ടായിരുന്നില്ല. പതാകയ്ക്ക് മാത്രമല്ല, രാഷ്ട്രപതി, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നിവരും കശ്മീരില്‍ അന്യരായിരുന്നു.
അതിലേറെ പ്രധാനം, ഇന്ത്യയില്‍ നിന്നൊരാള്‍ കശ്മീരില്‍ കടക്കണമെങ്കില്‍ പെര്‍മിറ്റ് വാങ്ങണമായിരുന്നു. അതായത് മറ്റൊരു രാജ്യത്തേക്ക് പോകാന്‍ വിസ എടുക്കുന്നതിന് സമാനമായ അവസ്ഥ. ഇതൊക്കെ ഡോ. മുഖര്‍ജിയെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു, ‘ ഒരു രാജ്യത്ത് രണ്ടു ഭരണഘടന, രണ്ട് രാഷ്ട്രപതി, രണ്ട് ദേശീയ പതാക ഇത് അനുവദിക്കാനാവില്ല.’ ഈ സ്ഥിതി എടുത്തുമാറ്റും വരെ, ജീവിതാന്ത്യം വരെ, സമരം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെയാണ് മുഖര്‍ജി ജമ്മു കശ്മീരിലേക്ക് സത്യഗ്രഹത്തിനായി പുറപ്പെടുന്നത്. ‘നിങ്ങള്‍ക്ക് ഞാന്‍ ഇന്ത്യന്‍ ഭരണഘടന ലഭ്യമാക്കും, അല്ലെങ്കില്‍ അത് നേടിയെടുക്കുന്നതിനായി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കും …..’ എന്നതായിരുന്നു അന്ന് അദ്ദേഹം നല്കിയ സന്ദേശം. സ്വാഭാവികമായും പെര്‍മിറ്റ് ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തെ തടയാന്‍ അവിടുത്തെ സര്‍ക്കാരിന് കഴിയുമായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ സിംഹമായിരുന്നു അന്ന് മുഖര്‍ജി. അവസാനം, 1953 മെയ് 11 ന് പത്താന്‍കോട്ട് പാലത്തില്‍വെച്ച് കശ്മീര്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
അദ്ദേഹത്തെ പോലീസ് കൊണ്ടുപോയി പാര്‍പ്പിച്ചത് ആള് താമസമില്ലാത്ത ഒരു മേഖലയിലാണ്; ഒറ്റപ്പെട്ട ഒരു വീട്ടില്‍; വീട്ടുതടങ്കല്‍. ആ ജൂണ്‍ 23 ന് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരണമടഞ്ഞു. ദുരുഹതകള്‍ ഏറെയുണ്ടാക്കിയ മരണമായിരുന്നു അത്. അതേച്ചൊല്ലി പാര്‍ലമെന്റിലും കശ്മീരിലും പുറത്തുമൊക്കെ ഏറെ വാഗ്വാദങ്ങള്‍ ഉണ്ടായെങ്കിലും മാന്യമായ ഒരന്വേഷണവും നടന്നില്ല. ഗൗരവത്തിലുള്ള ഒരു അന്വേഷണമാവശ്യമുണ്ടെന്ന് അന്ന് നെഹ്റു സര്‍ക്കാരിന് തോന്നിയില്ല എന്ന് പറയുന്നതാവും ശരി. അന്നും ഇന്നും ഭാരതത്തിലെ വലിയൊരു വിഭാഗം കരുതുന്നത് അതൊരു ആസൂത്രിത കൊലപാതകമായിരുന്നു എന്നാണ്. ജനസംഘം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും കരുത്താര്‍ജിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് ഇതുണ്ടായത്. മുഖര്‍ജിയെയും ജനസംഘത്തിന്റെ വളര്‍ച്ചയെയും അന്ന് വല്ലാതെ ഭയപ്പെട്ടിരുന്നത് ആരാണ് എന്നത് ഊഹിക്കാവുന്നതല്ലേയുള്ളൂ.
കേന്ദ്രമന്ത്രിസഭയില്‍ നിന്നുള്ള രാജി
കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് ഭിന്നമായി പാക് പ്രധാനമന്ത്രി ലിയാക്കത്ത് അലിയുമായി ഒരു കരാറുണ്ടാക്കാനുള്ള ശ്രമമാണ് നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ മുഖര്‍ജിയെ നിര്‍ബന്ധിതനാക്കിയത്. കിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായിരുന്ന ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സ്ഥിതി വന്നിരുന്നു . അവര്‍ പീഡിപ്പിക്കപ്പെട്ടതുകൊണ്ടാണ് ഈ കൂട്ട പലായനം എന്നത് മുഖര്‍ജിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പീഡിതര്‍ക്കൊപ്പമല്ല പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് നെഹ്റു നിലകൊണ്ടത്. അതിനു പിന്നാലെയാണ് ലിയാക്കത്ത് അലിയുമായുള്ള വഴിവിട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍.
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അവരുടെ1952 ജനസംഖ്യാനുപാതികമായി ജോലിയിലും മറ്റു മേഖലകളിലും സംവരണം ഏര്‍പ്പെടുത്തണം എന്ന പാക് നിലപാടാണ് നെഹ്റു അംഗീകരിച്ചത്. ഈ ഇന്തോ -പാക് ധാരണാ പത്രത്തിന്റെ കരടുമായി മന്ത്രിസഭയിലെത്തിയപ്പോള്‍ ചില മന്ത്രിമാരില്‍ നിന്ന് കടുത്ത വിമര്‍ശനം നെഹ്റു നേരിട്ടു. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ ഇസ്ലാമിക അജണ്ടക്ക് നെഹ്റു വഴങ്ങുകയായിരുന്നു. എന്‍.വി. ഗാഡ് ഗിലിനെ പോലുള്ളവര്‍ ശക്തിയായി പ്രതിരോധിച്ചു. മഖന്‍ലാലിന്റെ ‘സെക്കുലര്‍ പൊളിറ്റിക്സ്, കമ്മ്യൂണല്‍ അജണ്ട’ എന്ന ഗ്രന്ഥത്തില്‍ ഗാഡ്ഗിലിനെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. ഒരു പക്ഷെ ഇതൊക്കെയാവണം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പറ്റില്ല എന്ന ശക്തമായ നിലപാടെടുക്കാന്‍ ഡോ. അംബേദ്ക്കറെ നിര്‍ബന്ധിതമാക്കിയത്.
ജനസംഘം
മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച മുഖര്‍ജി രാജ്യത്ത് മറ്റൊരു രാഷ്ട്രീയ കക്ഷി ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഹിന്ദു മഹാസഭയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം നഷ്ടമാവുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം ഭാരതീയ ജനസംഘം എന്ന ചിന്തയിലെത്തുന്നത്. അന്ന് അദ്ദേഹം അതിനായി സഹായം അഭ്യര്‍ത്ഥിച്ചവരില്‍ പ്രമുഖന് അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോ
ള്വല്ക്കര് ആയിരുന്നു. എന്നാല്‍ ഗുരുജിക്ക് അത് ചിന്തിക്കാനേ സാധിച്ചിരുന്നില്ല. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഉറച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണ് സംഘം എന്നും അതിനെ ഏതെങ്കിലും വിധത്തിലുള്ള കക്ഷി രാഷ്ട്രീയവുമായി കൂട്ടിയോജിപ്പിക്കാനാവില്ലെന്നും ഗുരുജി തുറന്നുപറഞ്ഞു. പക്ഷെ, അവസാനം, മുഖര്‍ജിയുടെ നിലപാടുകളും രാഷ്ട്ര ഭക്തിയുമൊക്കെ മനസിലാക്കിയിട്ട് ഒരു സഹായം വാഗ്ദാനം ചെയ്തു. താങ്കള്‍ പാര്‍ട്ടി രൂപീകരിച്ചുകൊള്ളു. അതില്‍ ആര്‍എസ്എസിന് ഒരു റോളുമുണ്ടാവില്ല. എന്നാല്‍ താങ്കളെ സഹായിക്കാന്‍ ചിലരെ ഞാന്‍ വിട്ടുനല്‍കാം’
അങ്ങനെ അന്ന് ഗുരുജി വിട്ടുകൊടുത്ത കാര്യകര്‍ത്താക്കളാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി, സുന്ദര്‍ സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ് , എല്‍.കെ. അദ്വാനി , ജഗന്നാഥ റാവു ജോഷി തുടങ്ങിയവര്‍. അവരൊക്കെ പില്ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കി. ഗുരുജിയുടെ ‘സെലക്ഷന്’ അത്ര ഗംഭീരമായിരുന്നു.
1951 ഒക്ടോബറില്‍ ജനസംഘം ഔദ്യോഗികമായി രൂപമെടുത്തു. മുഖര്‍ജി അധ്യക്ഷന്‍, ‘ദീപം’ ചിഹ്നവും. 1953 ഫെബ്രുവരിയിലാണ് ആദ്യ ദേശീയ സമ്മേളനം കാണ്‍പൂരില്‍ നടന്നത്. ഇന്ത്യയുടെ ഭാവി രാഷ്ട്രീയം ജനസംഘത്തിന്റെ കയ്യിലാവുമെന്ന പ്രതീതി അന്നുണ്ടാക്കി. കശ്മീര്‍ പ്രശ്നം ദേശവ്യാപകമായി ഉയര്‍ത്തിക്കാട്ടാന്‍ പ്രക്ഷോഭവുമായാണ് സമ്മേളനം സമാപിച്ചത്. അതുകഴിഞ്ഞ് മൂന്ന് മാസം കഴിയും മുമ്പ് മുഖര്‍ജി കശ്മീരില്‍ അറസ്റ്റിലായി. ഒരു മാസം കഴിയുമ്പോഴേക്ക് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തയ്യാറായതും രാജ്യത്തിന് കാണേണ്ടിവന്നു. അത് ഒരു കൊലപാതകമായിരുന്നു എന്ന് കരുതാന്‍ നിര്‍ബന്ധിതരായവരാണ് അന്നത്തെ ജനങ്ങളിലേറെയും. ഒരു പാര്‍ട്ടി രൂപീകരിച്ച് കഷ്ടിച്ച് മൂന്ന് വര്‍ഷം കഴിയുന്നതിന് മുന്‍പേ നായകനെ നഷ്ടപ്പെട്ടാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവിടെനിന്ന് ആ പ്രസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷിയാക്കി മാറ്റാന്‍ ദീനദയാല്‍ ഉപാധ്യായയും വാജ്പേയിയും അടക്കമുള്ള യുവ നേതാക്കള്‍ക്ക് സാധിച്ചു.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് ജനസംഘം പിരിച്ചുവിട്ട് ജനത പാര്‍ട്ടിയുടെ ഭാഗമായി. 1980 -ല്‍ ദ്വയാംഗത്വ പ്രശ്നത്തെ തുടര്‍ന്ന് ജനതാപാര്‍ട്ടി വിട്ട് ബിജെപിക്ക് രൂപം കൊടുത്തു. ആര്‍എസ്എസില്‍ അംഗമായുള്ളവര്‍ ജനതാപാര്‍ട്ടിയില്‍ തുടര്‍ന്നുകൂടാ എന്ന് ആ പാര്‍ട്ടി പ്രമേയം പാസ്സാക്കി. അതോടെ പഴയ ജനസംഘക്കാര്‍ ജനതാപാര്‍ട്ടി വിട്ടിറങ്ങി. അതൊക്കെ ചരിത്രത്തിന്റെ ഭാഗം. ഇന്നിപ്പോള്‍ ആ പ്രസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി മാറി. തുടര്‍ച്ചയായി മൂന്നാം തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ നരേന്ദ്ര മോദിക്ക് വഴിയൊരുക്കി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിക്കാട്ടാന്‍ ഈ സര്‍ക്കാരിനാവുന്നു. അതിനൊക്കെ വഴികാട്ടിയായത് മുഖര്‍ജിയുടെ ദര്‍ശനങ്ങളാണ്, ചിന്തകളാണ്. അദ്ദേഹം നല്കിയ പ്രേരണയുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: