ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തിനെതിരെ സൈന്യം പ്രഖ്യാപിച്ച ഓപ്പറേഷന് ബജരംഗിന്റെ ഭാഗമായി വ്യാപകമായ തെരച്ചില്‍ തുടരുന്നു. നിയന്ത്രണ രേഖയിലെ ഉറി മേഖലയിലെ ബാരാമുള്ളയില്‍ നടന്ന തെരച്ചിലിനിടെ ഇന്നലെ ഒരു ഭീകരനെക്കൂടി സൈന്യം വധിച്ചു.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് സൈന്യം നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതോടെ ഓപ്പറേഷന് ബജരംഗില് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി.
അതിര്‍ത്തിയില്‍ സൈനിക നടപടി തുടരുകയാണെന്ന് ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഉറി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓപ്പറേഷന് ബജരംഗിന് സൈന്യം തുടക്കം കുറിച്ചത്. അവസാനത്തെ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടും വരെയും നടപടി തുടരുമെന്ന് സൈന്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിലാണ് ഗുരുതരമായ നുഴഞ്ഞുകയറ്റങ്ങള്‍ നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ബാരാമുള്ളയിലെ ഹാദിപോരയിലും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: