ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും ജനതാദള്‍ (സെക്കുലര്‍) എംഎല്‍സിയുമായ സൂരജ് രേവണ്ണയും അറസ്റ്റില്‍. പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് കര്‍ണാടക പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 16ന് ഫാം ഹൗസില്‍ വച്ച് സൂരജ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് ഹാസന് ജില്ലയിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനില്‍ ജെഡിഎസ് പ്രവര്ത്തകന് ചേതന്‍ പരാതി നല്‍കിയത്.
സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ വ്യാജ പരാതി നല്‍കിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. സൂരജിന്റെ അടുത്ത സഹായി ശിവകുമാറിന്റെ പരാതിയില്‍ വെള്ളിയാഴ്ച ചേതനും ഇയാളുടെ ഭാര്യാസഹോദരനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സൂരജിനോട് ഇയാള്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ചേതന്‍ ആദ്യം ശിവകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജോലി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചേതനെ, ശിവകുമാര്‍ സൂരജിന് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രജ്വല്‍ അറസ്റ്റിലായതോടെ ചേതന്റെ ഫോണ്‍ കോളുകള്‍ സൂരജ് സ്വീകരിക്കാതായി. ഇതോടെ ഇയാള്‍ സൂരജിന് ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു.
ആദ്യം പരാതി നല്കാന് ഹോളനരസിപുര ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും നിരസിച്ചെന്ന് സൂരജ് ആരോപിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ ഡിജിപി ഓഫീസിലെത്തി പരാതി നല്കി. കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: