കോഴിക്കോട്: അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ജീവനക്കാരും സര്‍ക്കാരും ചേര്‍ന്നാണ് ക്രമക്കേടും ചട്ടലംഘനവും നടത്തിയതെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് 12 എന്‍ജിനീയറിങ് കോളജുകളും 51 പോളിടെക്നിക്കുകളും മൂന്ന് ഫൈന്‍ ആര്‍ട്സ് കോളജുകളും 39 ടെക്നിക്കല്‍ ഹയര്‍ സെക്കന്ഡറികളുമാണുള്ളത്. എട്ടെണ്ണത്തില്‍ മാത്രം നടത്തിയ പരിശോധനയില്‍ത്തന്നെ വന്‍ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2024 മേയ് 30ന് അക്കൗണ്ടന്റ് ജനറല്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്കി.
എംടെക് വിദ്യാര്‍ത്ഥികളില്‍നിന്ന് 2017-2023ല്‍ അപേക്ഷാ ഫീസിനത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് വാങ്ങിയത് 1,12,27,308 രൂപയാണ്. അതില്‍ 68.64 ലക്ഷം അപേക്ഷ-പ്രവേശനങ്ങള്‍ക്കായുള്ള അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്ക്കുമായി വീതം വച്ചു. ടിഎ, ഡിഎ, ഓവര്‍ടൈം, മുറി വാടക തുടങ്ങിയ ഇനങ്ങളിലാണിത്. പണം കൈപ്പറ്റിയവരുടെ പട്ടികയും റിപ്പോര്‍ട്ടിലുണ്ട്. ഏതിനത്തില്‍ കിട്ടുന്ന ഫീസും സര്‍ക്കാര്‍ അക്കൗണ്ടിലേക്കു നിക്ഷേപിക്കണമെന്നാണ് ട്രഷറി ചട്ടം 6 (2). എന്നാല്‍ അതുണ്ടായില്ല. 2021 ജൂണില്‍ ഈ ട്രഷറി ചട്ടം മറികടക്കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. സര്‍ക്കാര്‍ അനുമതിയോടെയാണ് ക്രമക്കേടെന്ന് വ്യക്തം.
തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജി. കോളജില്‍ 2017ല്‍ 20,81,577 രൂപ, 2018ല്‍ 23,94,329 രൂപ, 2019ല്‍ 15,52,750 രൂപ എന്നിങ്ങനെ അപേക്ഷാ ഫീസില്‍ 80 ശതമാനം പ്രിന്‍സിപ്പലിന്റെ അക്കൗണ്ടിലേക്കാണു പോയത്. ഇത് കണ്‍സള്‍ട്ടന്‍സി ഫീസെന്നാണ് കാണിച്ചിരിക്കുന്നത്. പക്ഷേ, ഈ പണമിടപാട് കാഷ് ബുക്കിലില്ല. അഡ്മിഷന്റെ പേരില്‍ സ്റ്റാഫിന് പ്രതിഫലം കൊടുക്കാന്‍ ചട്ടമില്ല. സര്‍ക്കാര്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ വകുപ്പുമില്ല. രണ്ടും ഗുരുതരമായ ക്രമക്കേടായി എജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടത്തെ അദ്ധ്യാപകര്‍ക്ക് എഐസിടിഇ/യുജിസി ഏഴാം ശമ്പള പരിഷ്കരണ വ്യവസ്ഥ പ്രകാരമുള്ള ശമ്പളം നല്കുമ്പോള് സംസ്ഥാനത്തിനു വരുന്ന അധിക ബാധ്യതയുടെ 50 ശതമാനം കേന്ദ്രം നല്‍കും. എന്നാല്‍ സമയത്ത് അപേക്ഷിക്കാത്തതിനാലും ലഭിച്ച പണത്തിന്റെ വിനിയോഗ കണക്കു കൊടുക്കാത്തതിനാലും കേന്ദ്ര സഹായം വലിയ തോതില്‍ നഷ്ടമായതായും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്ര സഹായം പാഴാക്കി ലംപ്സം ഗ്രാന്റും നല്‍കിയില്ല
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിയ സഹായം പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല. മാത്രമല്ല, പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രത്യേക സമിതി അനധികൃതവുമാണ്.
കേന്ദ്ര സര്‍ക്കാര്‍, ലോക ബാങ്കുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന പദ്ധതി അഞ്ചു വര്‍ഷത്തേക്കാണ് ധനസഹായം അനുവദിക്കുന്നത്. ഇതിന്റെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ എസ്പിഎഫ്യു (സ്റ്റേറ്റ് പ്രോജക്ട് ഫെലിസിറ്റേഷന്‍ യൂണിറ്റ്) രൂപീകരിച്ചു. 2017ല്‍ തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് അവസാനിച്ച് അടുത്ത പദ്ധതിക്കുള്ള പണം നേടേണ്ട സര്‍ക്കാര്‍ പക്ഷേ, അനുവദിച്ച പദ്ധതി പൂര്‍ത്തിയാക്കിയില്ല. പണം ചെലവിട്ടതിന് കേന്ദ്രത്തിനു കണക്കും കൊടുത്തിട്ടില്ല. മാത്രമല്ല, കേന്ദ്ര ചട്ടപ്രകാരം 2022ല്‍ തീരേണ്ട പദ്ധതിയുടെ കാലാവധി സംസ്ഥാനം ഏകപക്ഷീയമായി നീട്ടി. അങ്ങനെ കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്ത എസ്പിഎഫ് യൂണിറ്റ് ഇപ്പോഴും പദ്ധതിയുടെ നടത്തിപ്പു ചുമതലയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ലംപ്സം ഗ്രാന്റ് പോലും വിതരണം ചെയ്യുന്നില്ലെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: