അബുദാബി: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കി യുഎഇ. ബലാത്കാരമായോ, ഇഷ്ടമില്ലാതെയുള്ളതോ ആയ ശാരീരിക ബന്ധത്താലുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. ഈ മാസം തുടക്കത്തില്‍ യുഎഇ മന്ത്രിസഭ പാസാക്കിയ ആരോഗ്യ സംരക്ഷണ നിയമത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നടപടി.
ഗര്‍ഭച്ഛിദ്രം നടത്തുന്നത് സംബന്ധിച്ചുള്ള പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ആരോഗ്യ- പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയോ എമിറേറ്റിലെ ആരോഗ്യ അതോറിറ്റി തലവന്റെയോ തീരുമാന പ്രകാരമാണ് അനുമതി ലഭിക്കുക. ഇതിനായി എല്ലാ എമിറേറ്റുകളിലും വിദഗ്ധ സമിതി രൂപീകരിക്കും. ഗൈനക്കോളജി സ്പെഷലിസ്റ്റ്, മാനസികാരോഗ്യ വിദഗ്ധന്‍, പബ്ലിക്ക് പ്രോസിക്യൂഷന് പ്രതിനിധി എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂഷന് നല്കിയ തെളിവ് സഹിതമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ.
ഗര്‍ഭധാരണം സ്ത്രീയുടെ ജീവന് അപകടപ്പെടുത്തുന്ന തരത്തിലോ ഗര്ഭപിണ്ഡത്തിന്റെ രൂപഭേദം ഗുരുതരമായതും നവജാത ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുകയോ ചെയ്യുന്നതാണെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാമെന്നും പുതിയ ഭേദഗതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുമുമ്പ് സ്ത്രീരോഗ വിദഗ്ധ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഗര്‍ഭച്ഛിദ്രം നടക്കുമ്പോള്‍ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളര്‍ച്ച മാത്രമേ ഉണ്ടാകാവൂ. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയുണ്ടാകരുത്. ആരോഗ്യ അതോറിറ്റിയുടെ ലൈസന്‍സുള്ള ആശുപത്രിയിലായിരിക്കണം ഗര്‍ഭച്ഛിദ്രം നടത്തേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യുഎഇയില്‍ താമസിച്ചവര്‍ക്കാണ് നിയമം ബാധകമാവുക.
ക്രിമിനല്‍ നിയമപ്രകാരം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണ്. ഒക്ടോബറിലും യുഎഇ ഒരു ഗര്‍ഭച്ഛിദ്ര നിയമവും കൊണ്ടുവന്നിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്കുന്നതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: