ന്യൂദല്‍ഹി: കൃത്രിമം നടക്കാനിടയുള്ളതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവും മുന്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ആവശ്യമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്ര നിര്‍മ്മാണത്തില്‍ ഇലോണ്‍ മസ്കിന് പരിശീലനം നല്കാന് തയാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്ഡ്വെയറുകള് നിര്‍മ്മിക്കുന്നത് ആര്‍ക്കും സാധ്യമല്ലെന്ന ഇലോണ്‍ മസ്കിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാധാരണ കംപ്യൂട് പ്ലാറ്റ്ഫോമുകളുപയോഗിച്ചും അവയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു കൊണ്ടുമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിലവിലുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പ്രസ്തുത നിലപാടിന് ബലം ലഭിച്ചേക്കാം. എന്നാല്‍ ഭാരതം നിര്‍മ്മിക്കുന്നതും നമ്മള് ഉപയോഗിച്ചു വരുന്നതുമായ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തികച്ചും സുരക്ഷിതമായി രൂപപ്പെടുത്തപ്പെട്ടവയാണ്. ഇന്റര്‍നെറ്റ്, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളൊന്നും നമ്മള് ഉപയോഗിക്കുന്നില്ല. നിര്‍മ്മിക്കുമ്പോള്‍ത്തന്നെ ഉള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭാരതത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇലോണ്‍ മസ്കിനെപ്പോലുള്ളവര്‍ മനസ്സിലാക്കണം. ഭാരതത്തിലേതുപോലെ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഇവിഎമ്മുകള്‍ ലോകത്തെവിടെയും നിര്‍മ്മിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ അതിനാവശ്യമായ പരിശീലനം എലോണ്‍ മസ്കിന് നല്കാന് തയാറാണെന്നും മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുപയോഗിച്ച് പ്യൂര്‍ട്ടോറിക്കോയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള മാധ്യമവാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് റോബര്‍ട്ട് കെന്നഡി ജൂനിയര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ് എലോണ്‍ മസ്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കണം എന്ന പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: