മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ ലാഭവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇഡി നടന് സൗബിന് ഷാഹിറിനെ ചോദ്യം ചെയ്തു. തിങ്കളാഴ്ച ഹാജരായ സൗബിന് ഷാഹിറിനെ ഇഡി നാല് മണിക്കൂര്‍ ചോദ്യം ചെയ്തതായി പറയപ്പെടുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ കളക്ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത് . തമിഴ്നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സൗബിന് ഷാഹിര്‍ സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ്.
ഇഡി ഓഫീസില്‍ നിന്നും ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടന് സൗബിന് ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സൗബിന്റെ പിതാവ് ബാബു ഷാഹിറിനെയും ഇഡി വൈകാതെ ചോദ്യം ചെയ്യും. ഇദ്ദേഹവും സിനിമയുടെ സഹനിര്‍മ്മാതാവാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ മറ്റൊരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. മരട് പൊലീസ് സൗബിന് ഷാഹിറിനും ബാബു ഷാഹിറിനും ഷോണ്‍ ആന്റണിയ്ക്കും എതിരെ ചാര്‍ജ്ജ് ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം നടന്നത്.
തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട് . കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ അന്വേഷണത്തിന്റെ ഭാഗമായി ഇഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി ഷോൺ ആന്റണിയിൽ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു.
പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നതോടെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പിന്നീട് ഉയര്‍ന്ന് വന്നത്.
സിനിമയുടെ മുടക്കുമുതലിന്റെ മൂന്നിലൊന്ന് സിറാജാണ് നൽകിയതെങ്കിലും കളക്ഷന്‍ അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. മഞ്ഞുമ്മല്‍ ബോയ്സ് 250 കോടിയോളം ലാഭം കൊയ്തു എന്നതായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോൺ ആന്റ്ണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ ഷാഹിര്‍ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ടിലുള്ളത്
Read full news at https://keralakaumudi.com/news/news.php?id=1325279&u=money-fraud-contoversy-manjummel-boys
Read full news at https://keralakaumudi.com/news/news.php?id=1325279&u=money-fraud-contoversy-manjummel-boys
Read full news at https://keralakaumudi.com/news/news.php?id=1325279&u=money-fraud-contoversy-manjummel-boys
പ്രതികരിക്കാൻ ഇവിടെ എഴുതുക: