‘ട്യാല്‍ട്ടന്‍’ എന്നാല്‍ എന്താണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക? കോഴിക്കോട് ജില്ലയിലെ മിക്കവാറും സ്ഥലങ്ങളില്‍ സംഘ പ്രചാരകനായിരുന്ന കുട്ടിഗോപാലനെ സാധാരണ സംഘപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും വിളിച്ചുവന്ന പേരിന്റെ ചുരുക്കമാണത്. കുട്ടിഗോപാലേട്ടനാണ് ചുരുങ്ങി ട്യാല്‍ട്ടന്‍ ആയത്.
ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശി എന്ന നിലയ്ക്ക് 1967-70 കാലത്ത് കോഴിക്കോട് ജില്ലയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് എനിക്ക് അദ്ദേഹവുമായി അടുത്ത പരിചയമുണ്ടായത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പ്രചാരകനായി കണ്ണൂര്‍ ജില്ലയില്‍ എത്തിയ കാലത്ത് തന്നെ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും അവസരം ഉണ്ടായി. കണ്ണൂരിലെ തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിനു മുന്‍വശത്ത് സംഘമന്ദിരം എന്ന പേരില്‍ ഉണ്ടായിരുന്ന കാര്യാലയത്തില്‍ ആയിരുന്നു എന്റെ താമസം. 1947 മുതല്‍ കണ്ണൂരില്‍ പ്രചാരകനായി പ്രവര്‍ത്തിച്ച് പഴയ ചിറക്കല്‍ കോട്ടയം താലൂക്കുകളില്‍ സംഘത്തിന് ഉറച്ച അടിത്തറ പാകിയ വി. പി. ജനാര്‍ദ്ദനനായിരുന്നു ജില്ലാപ്രചാരക്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം ആയിരുന്ന വിഭാഗത്തില്‍ പെട്ടവരായിരുന്നു സംഘപ്രവര്‍ത്തകരിലേറെയും. തെക്കന്‍ കേരളത്തിനേക്കാള്‍ പൊതു വിദ്യാഭ്യാസരംഗം പിന്നിലായിരുന്നു അവിടെ. സാമ്പത്തികമായി വളരെ താഴെക്കിടയില്‍ ഉള്ളവരും ഏറെ മെച്ചപ്പെട്ടവരും അല്ലാതെ ഇടത്തരക്കാര്‍ പൊതുവേ കുറവായിട്ടാണ് എനിക്ക് തോന്നിയത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറവായിരുന്നെങ്കിലും അവ വാങ്ങി ഉപയോഗിക്കാന്‍ സാധാരണക്കാര്‍ വളരെ വിഷമിച്ചിരുന്നു.
ഒരിക്കല്‍ ഏതാനും ശാഖകളിലെ സ്വയംസേവകരുടെ ഒരു പകല്‍ നീണ്ട ബൈഠക്കില്‍ സംസാരിക്കവേ വിദ്യാഭ്യാസവും സാമ്പത്തിക നിലയില്ലാത്തവര്‍ക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആകും എന്നതിന് ജനേട്ടന് കുട്ടിഗോപാലനെയാണ് ഉദാഹരിച്ചത്. നാലാം ക്ലാസ് വരെ മാത്രം പഠിച്ച കുട്ടി ഗോപാലന് കോളേജ് വിദ്യാര്‍ത്ഥികളുടെ ബൈഠക്ക് എടുക്കാറുണ്ടെന്നും അവരുടെ ബഹുമാനം നേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ കുട്ടിഗോപാലനെ ശങ്കര്‍ ശാസ്ത്രി എന്ന മലബാര്‍ പ്രചാരകനാണ് അതിനു പ്രാപ്തനാക്കിയത് എന്നും അദ്ദേഹം വിശദീകരിച്ചു.
അങ്ങനെയിരിക്കെ മൂന്നു നാല് മുതിര്‍ന്ന വ്യക്തികള്‍ രാഷ്ട്ര മന്ദിരത്തില്‍ എത്തി. അവര്‍ വടക്കുകാവില്‍ പോകുന്ന വഴിയാണ്. പറശ്ശിനിക്കടവിലെ മുത്തപ്പന് ക്ഷേത്രമാണ് വടക്ക് കാവ്. ജനേട്ടന് അവര്‍ക്കു വഴിയും മറ്റും പറഞ്ഞുകൊടുക്കും. അവിടെയെത്തിയാല്‍ ബന്ധപ്പെടേണ്ടവരുടെ വിവരങ്ങളും പറഞ്ഞുകൊടുത്ത് അവരെ പറഞ്ഞയച്ചു. അക്കൂട്ടത്തില്‍ കുട്ടി ഗോപാലനെ പ്രത്യേകം എനിക്ക് പരിചയപ്പെടുത്തി. അദ്ദേഹം പ്രചാരകനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞു. എ കൈന്‍ഡ് ഓഫ് പ്രചാരക് എന്ന് ശങ്കര്‍ ശാസ്ത്രി പറയുമായിരുന്നത് ഇത്തരം ചിലരെയായിരുന്നത്രേ.
അക്കാലത്ത് കോഴിക്കോടിന് വടക്ക് ജില്ലയുടെ ഭാഗങ്ങളില്‍ ജനസംഘ പ്രവര്‍ത്തനത്തിന് ഏതാണ്ട് ഒരു രൂപം ഉണ്ടായിരുന്നു. കെ. രാമന്‍പിള്ളയുടെ പരിശ്രമ ഫലമായി പ്രധാന സ്ഥലങ്ങളിലൊക്കെ സ്ഥാനീയ സമിതികള്‍ ഉണ്ടായിരുന്നു. 1967 ലെ തെരഞ്ഞെടുപ്പിന് ശേഷം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ വളര്‍ന്നു തുടങ്ങി. പല പ്രമുഖരും ജനസംഘത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെട്ടു. കോഴിക്കോട്ടെ ജനസംഘ കാര്യാലയത്തില്‍ പല പ്രമുഖരും വന്ന് പാര്‍ട്ടിയില്‍ ചേരാന്‍ ഉത്സാഹം കാട്ടി.
കോഴിക്കോട്ടിനു തെക്കുള്ള താലൂക്കുകള്‍ മുസ്ലിം ഭൂരിപക്ഷമുള്ളവയാണല്ലോ. അവിടെയും സംഘത്തിന്റെയും ജനസംഘത്തിന്റെയും വ്യാപനം ക്രമേണ വര്‍ദ്ധിച്ചു വന്നു. കുട്ടിഗോപാലന്‍ ആ ഭാഗത്തേക്ക് നിയോഗിക്കപ്പെട്ടു. അവിടെ പരപ്പനങ്ങാടിക്ക് അടുത്ത് ചെട്ടിപ്പടി എന്ന സ്ഥലത്തായിരുന്നു അദ്ദേഹം കേന്ദ്രമാക്കിയത്. റെയിലിന് അരികില്‍ തന്നെ തുറസ്സായി കിടന്ന സ്ഥലത്ത് താല്‍ക്കാലികമായി കെട്ടി മറച്ച ഓലപ്പുരയിലായിരുന്നു ആസ്ഥാനം. സ്വയംസേവകര്‍ക്ക് കൂടാനും മറ്റുകാര്യങ്ങള്‍ക്കും അത് പ്രയോജനപ്പെട്ടു. വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ശാഖ നടക്കുന്നത് കാണാമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കോഴിക്കോട്ട് കാര്യാലയ പ്രമുഖനായി വന്നു. ഫ്രാന്‍സിസ് റോഡിന് സമീപമുള്ള ഒരു പഴയ വീട് ആയിരുന്നു അക്കാലത്ത് കാര്യാലയം. കേസരി പത്രാധിപരായിരുന്ന എം. എ. സാര്‍, പരമേശ്വര്‍ജി, ഈ ലേഖകന്‍, കേസരി രാഘവേട്ടന്, പ്രചാരകന്മാര് മുതലായി താമസക്കാര്‍ ഏറെയുണ്ടായിരുന്നു അവിടെ. അക്കാലത്ത് അവിടെ പൈപ്പ് കണക്ഷന് ഇല്ലായിരുന്നു. മുറ്റത്ത് വെള്ളം ചാമ്പുന്ന ഒരു പമ്പുണ്ട്. കയറിവരുന്ന ആദ്യ മുറിയിലാണ് കുട്ടിഗോപാലന്റെ കിടപ്പ്. അദ്ദേഹം ആ മുറിയില്‍ ചെയ്തുവച്ചിരുന്ന സൂത്രപ്പണികള്‍ വിസ്മയകരമായിരുന്നു. കട്ടിലില്‍ കിടന്നുകൊണ്ട് തന്നെ കാര്യാലയത്തിന്റെ പുറത്തെ വാതില്‍ തുറക്കാനും അടയ്ക്കാനും സാക്ഷയിടാനും മറ്റുമുള്ള ചരടുവലികള്‍ നടത്തുമായിരുന്നു. അവയ്ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്കി ഓരോ പ്രവൃത്തിയും ചെയ്തുവന്നു.
ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനത്തിന് മുമ്പ് തന്നെ മുസ്ലിം ഭൂരിപക്ഷ ജില്ലാ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ലീഗ് ആരംഭിച്ചിരുന്നു. വളരെ തന്ത്രപൂര്‍വ്വമാണ് അത് മുന്നോട്ടുപോയത്. പാലക്കാട് ജില്ലയിലെ ഒരു പ്രാദേശിക ലീഗ് കമ്മിറ്റിയാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് ജില്ല രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കിയത്. മാപ്പിള ലഹളയില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര ഭടന്മാര്ക്ക് അനുവദിക്കുന്ന പെന്ഷന് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതും, മുസ്ലിം ഭൂരിപക്ഷസ്ഥലങ്ങളില്‍ എല്ലാം തന്നെ ഈ ആവശ്യത്തിന് തീക്ഷ്ണത വര്‍ദ്ധിച്ചു വന്നതും ഒക്കെ കുട്ടിഗോപാലന്‍ ശരിക്കും നിരീക്ഷിച്ചറിഞ്ഞ് പരമേശ്വര്‍ജിയെയും ഹരിയേട്ടനെയും പറഞ്ഞ് ബോധ്യപ്പെടുത്തി.
മലപ്പുറം ജില്ലാ രൂപീകരണത്തിലെ അപകടം പൊതുജനങ്ങള്‍ക്ക് വിശിഷ്യാ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പുറത്തുമുള്ളവര്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്ക് ആവശ്യമായ ഒട്ടേറെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കുട്ടിഗോപാലന്‍ സഹായിച്ചു.
മാപ്പിള ലഹളക്കാലത്ത് ഏറ്റവും രൂക്ഷമായ സംഘട്ടനം നടന്നത് മലപ്പുറത്തിനടുത്തുള്ള പൂക്കോട്ടൂര്‍ എന്ന സ്ഥലത്തായിരുന്നല്ലോ. ആ ഗ്രാമം ഹിന്ദുക്കള്‍ ഏറ്റവും കുറവും മുസ്ലീങ്ങള്‍ ഭൂരിപക്ഷവും ആയിരുന്നു. മലപ്പുറത്തേക്ക് കോഴിക്കോട്ട് നിന്നും പോയ ഒരു സൈന്യ വിഭാഗത്തെ ഏതാണ്ട് 5000 ത്തോളം ആയുധധാരികളായ മാപ്പിളമാര്‍ ഒരു കുന്നിന് ചെരുവില്‍ നിന്ന് ചാടിവീണ് ആക്രമിച്ചതും പട്ടാളത്തിന്റെ വെടിവെപ്പില്‍ അവര്‍ നിലം പതിച്ചതും ആയിരുന്നു സംഭവം. ആ സ്ഥലത്തിനടുത്ത് ഏതാണ്ട് നൂറോളം ഹിന്ദുക്കളുള്ള ഒരു സ്ഥലത്ത് നിന്നും കോഴിക്കോട്ട് ജനസംഘം കാര്യാലയത്തിലേക്ക് വന്ന ഒരു എഴുത്തനുസരിച്ച് ഞാന്‍ പോവുകയും സ്ത്രീ പുരുഷന്മാര് അടക്കം ഏകദേശം 50 പേരുടെ യോഗം നടത്തുകയും ചെയ്തു. അവര്‍ക്ക് ജനസംഘസമിതിയും ആര്‍എസ്എസ് ശാഖയും ആരംഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ആണ് വേണ്ടിയിരുന്നത്. കേരളത്തിലെ തന്നെ ആദ്യ സ്വയംസേവകന് എന്ന് പറയാവുന്ന അമ്പാളി കരുണാകരന് വക്കീലിന്റെ തറവാട്ട് വീട്ടിലായിരുന്നു ചെന്നതെന്ന് മനസ്സിലായി. അവര്‍ക്ക് ഞാന്‍ കുട്ടിഗോപാലന്റെ വിലാസം കൊടുത്തു. അദ്ദേഹം അവിടെ ചെന്ന് ശാഖ തുടങ്ങാനുള്ള നടപടികളും സ്വീകരിച്ചു.
മലപ്പുറത്ത് നമ്പീശന് പടിയിലും ശാഖ ആരംഭിക്കാന്‍ അദ്ദേഹം പോയി. അവിടെ നല്ല നിലയില്‍ സംഘപ്രവര്‍ത്തനം പുരോഗമിച്ചു. മലപ്പുറം ജില്ലാ രൂപീകരിച്ച ശേഷം കേളപ്പജിയുടെയും പരമേശ്വര്‍ജി രാജഗോപാല്‍, കെ. ജി. മാരാര്‍, നാനാജി ദേശ്മുഖ് തുടങ്ങിയവരുടെയും നേതൃത്വത്തില്‍ 2000 പേര് മലപ്പുറം പുതിയ കളക്ടറേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്താന്‍ മാര്‍ച്ച് ചെയ്തു. ആ പരിപാടിക്ക് പിന്നിലെ ആസൂത്രണത്തില്‍ നിര്‍ണായക പങ്കാണ് കുട്ടിഗോപാലന്‍ വഹിച്ചത്. അനിഷ്ട സംഭവമുണ്ടാകാതെ ആ പരിപാടി അവസാനിച്ചതില്‍ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.
അടിയന്തരാവസ്ഥക്കാലത്ത് കുട്ടിഗോപാലന്റെ നീക്കങ്ങള്‍ കൗശലപൂര്‍വ്വം ആയിരുന്നു. മര്‍മ്മ പ്രധാനമായ സ്ഥാനങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ സംഘ അധികാരിമാര്‍ക്ക് നല്‍കുന്നതിന് അദ്ദേഹം വിജയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം കോഴിക്കോട് ചാലപ്പുറത്ത് പുതിയ കാര്യാലയം വാങ്ങി ഒരുക്കിയെടുത്തത് വളരെ ശ്രമകരമായ പ്രക്രിയ ആയിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. ആ കാര്യാലയത്തിലെയും സ്ഥിരവാസിയായിരുന്നു അദ്ദേഹം. ചെറിയ സ്കൂട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാഹനം. പുറത്തേക്ക് പോകുന്നതിനിടെ ചാലപ്പുറത്ത് കേസരിക്ക് സമീപത്തിയപ്പോള്‍ വണ്ടിയില്‍ തീപ്പിടിച്ച് അദ്ദേഹം അന്തരിക്കുകയായിരുന്നു. അത്രയടുത്ത് കാര്യാലയം ഉണ്ടായിട്ട് പോലും വിവരമറിയാന്‍ വൈകിപ്പോയി.
പെരച്ചനെ പോലെ തന്നെ മലബാറിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയിലെ ഹൃദയംഗമമായ സ്നേഹാദരങ്ങള്‍ നേടിയ സ്വയംസേവകനായിരുന്നു കുട്ടിഗോപാലന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: