അഭിനയ കലയുടെ പെരുന്തച്ചനായിരുന്നു തിലകൻ. ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. മറ്റാർക്കും പകരം വയ്‌ക്കാനാവാത്ത അഭിനയപ്രതിഭ.
തിലകൻ എന്ന നടന്റെ പലവിധ വേഷപ്പകർച്ചകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ നമ്മളിൽ പലരും മുൻപു കണ്ടിട്ടില്ലാത്ത ഒരു തിലകൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടന്റെ ചെറുപ്പക്കാലത്തു നിന്നുള്ള ചിത്രമാണിത്. ഒരു കശ്മീർ യാത്രയ്‌ക്കിടയിൽ പകർത്തിയതാണ് വർഷങ്ങളുടെ പഴക്കമുള്ള ഈ ചിത്രം
അപ്പൊ പുള്ളി ലോഗൻ ഫാൻ ആയിരുന്നു അല്ലേ,” എന്നാണ് ചിത്രത്തിനു ആരാധകർ കമന്റു ചെയ്യുന്നത്. പിണറായി സഖാവിന്റെയും ഫിദൽ കാസ്ട്രോയുടെയുമെല്ലാം ഛായയുണ്ടെന്ന് കമന്റ് ചെയ്യുന്നവരും ഏറെ. എന്തായാലും ചിത്രം വൈറലായി കഴിഞ്ഞു.
പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ആയിരുന്നു തിലകൻറെ ജനനം. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ച പിൽക്കാലത്ത് 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.
1979-ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
2006ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു പുരസ്കാരം നേടികൊടുത്തത്. ഇരകൾ, പെരുന്തച്ചൻ തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനും തിലകൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. 2012 സെപ്റ്റംബർ 24 നായിരുന്നു തിലകൻ വിട വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: