ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ ചുട്ടമറുപടി.
സത്യപ്രതിജ്ഞാ ചടങ്ങിലെ ജനാധിപത്യത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ വീഴുമെന്ന് ഖാര്‍ഗെ പറയുന്നതെന്നും വിഡ്ഢികളുടെ പറുദീസയിലാണ് ഖാര്‍ഗെ ജീവിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ അബദ്ധവശാലാണ് അധികാരത്തിലെത്തിയതെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്നുമാണ് ഖാര്‍ഗെ ആക്ഷേപിച്ചത്. ‘മോദിയ്ക്ക് ജനവിധിയില്ല, ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. എപ്പോള്‍ വേണമെങ്കിലും നിലത്ത് വീഴാം. ഇത് തുടരണമെന്ന് ഞങ്ങള്‍ ആഗ്രിക്കുന്നതേയില്ല. എന്നിരുന്നാലും രാജ്യത്തെ ശക്തമാക്കുന്നതിന് ഞങ്ങള്‍ സഹകരിക്കും’ എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. പരാമര്‍ശം പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രതികരിച്ചു.
ഇത്തരം സന്ദര്‍ഭങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിലും ഉണ്ടായിട്ടുണ്ടെന്നും അന്നത്തെ പ്രധാനമന്ത്രിമാരുടെ സ്കോര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ജെഡിയു ഖാര്‍ഗെയോട് പറഞ്ഞു. 91ല്‍ കോണ്‍ഗ്രസിന് ഇന്ന് ബിജെപിക്ക് ലഭിച്ച അത്രയും സീറ്റുകളായിരുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ നരസിംഹറാവു സര്‍ക്കാര്‍ ഉണ്ടാക്കി. രണ്ട് വര്‍ഷത്തിനുളളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്ത് അദ്ദേഹം ന്യൂനപക്ഷ സര്‍ക്കാരിനെ ഭൂരിപക്ഷ സര്‍ക്കാരാക്കി മാറ്റിയെന്നും ജെഡിയു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: