തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തില്‍ കേരളം മുഴുവന്‍ ദുഃഖത്തിലാണ്ടപ്പോഴും അതിലും രാഷ്ട്രീയ മുതലെടുപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. വീണാ ജോര്‍ജിന് കുവൈറ്റില്‍ പോകാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. ലോകകേരള സഭയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നാടിന്റെ സംസ്കാരം ആണ് സംഭവസ്ഥലത്തേക്ക് പോകുക എന്നതെന്നും മരിച്ച വീട്ടില്‍ പോകുന്നത് അശ്വസിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കുവൈറ്റ് ദുരന്തത്തില്‍ കേരളത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നത് മുഖ്യമന്ത്രി സമ്മതിച്ചു. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനവും കേന്ദ്രവും ഒരേമനസോടെ ഏകോപിച്ച് നീങ്ങുകയാണ് വേണ്ടത്.
സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും മറ്റൊരു രാജ്യത്ത് ചെയ്യാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ചെയ്യേണ്ടത്. എന്നാല്‍ അവിടെ ജീവിക്കുന്നവരില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ത്തന്നെ കേരളത്തിന് പല കാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാവും. അതൊന്നും വേണ്ടെന്ന് പറയുന്നത് ഔചിത്യമല്ല. ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലൂടെ നല്ല ഇടപെടല്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുവൈറ്റില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രിയുടെ യാത്രാ തീരുമാനം വന്നപ്പോള്‍ത്തന്നെ വിവധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നതാണ്.
മന്ത്രി യാത്രക്ക് അനുമതി ചോദിച്ചപ്പോഴേക്കും കേന്ദ്രസംഘം കുവൈറ്റിലെത്തി വേണ്ടെതെല്ലാം ചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷവും യാത്രാനുമതിക്ക് ശ്രമിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് വ്യക്തമാണ്.
സര്‍ക്കാരിന് ഇടപെടണമായിരുന്നെങ്കില് ലോക കേരള സഭ നിര്‍ത്തിവച്ച് അതില്‍ പങ്കെടുത്ത പ്രവാസികളുടെ സഹായം കുവൈറ്റിലെ ദുരന്തത്തില്‍ ഇരയായവര്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: