കൊച്ചി: വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഭാരത സര്‍ക്കാരിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതല്‍ കുവൈറ്റിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. മരിച്ചവരെല്ലാം ഭാരതീയരാണ്. ഭാരതത്തിന്റെ മക്കളാണ്. ഭാരതത്തിന്റെ പാസ്പോര്‍ട്ടിലാണ് രാജ്യം വിട്ടുപോകുന്നത്. അവരുടെ ജീവനും സ്വത്തിനും ജീവനത്തിനും ഭാരതമാണ് ഉത്തരവാദി. ഭാരതം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അതില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തം അങ്ങേയറ്റം വേദനാജനകമാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. കുവൈറ്റില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തതനങ്ങള്‍ ഏകോപിപ്പിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. വേദനാജനകമായ സാഹചര്യത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് നല്ലതല്ലെന്നും രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും മുരളീധരന് വ്യക്തമാക്കി. നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 23 മലയാളികള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട മുഴുവന്‍ ആളുകളുടെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കുവൈത്തില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും നടപടി സ്വീകരിച്ചു. അതിന് നേരിട്ട് നേതൃത്വം നല്‍കുന്നതിനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ് കുവൈറ്റില്‍ എത്തിയത്.
അദ്ദേഹം കുവൈത്തിലെ എല്ലാ ആശുപത്രികളിലും എത്തി പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും അവിടത്തെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അപകടമാണിത്. അങ്ങനെയൊരു സാഹചര്യത്തില്‍ അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാന്‍ ചില ആളുകള്‍ നടത്തുന്ന ശ്രമം വേദനാജനകമാണ്. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടത്. രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്യേണ്ടതെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: