ടറൂബ: നിര്‍ണായക മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ 13 റണ്‍സിനാണ് വിന്‍ഡീസിന്റെ വിജയം. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ കിവീസിന് മുന്നില്‍ 150 റണ്‍സിന്റെ വിജയലക്ഷ്യം വച്ചു. കെയ്ന്‍ വില്ല്യംസണും കൂട്ടരും പരമാവധി പൊരുതി നോക്കിയിട്ടും 13 റണ്‍സിന് പരാജയപ്പെട്ടു.
ഗ്രൂപ്പ് സിയില്‍ മൂന്നില്‍ മൂന്ന് മത്സരവും ജയിച്ച് ആറ് പോയിന്റുമായാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. കളിച്ച രണ്ട് കളികളും പരാജയപ്പെട്ട ന്യൂസിലന്‍ഡിന്റെ കാര്യം കൂടുതല്‍ പ്രതിസന്ധിതിയിലായി. ഗ്രൂപ്പില്‍ പപ്പുവ ന്യൂ ഗ്വിനിയയ്ക്കും താഴെയാണ് ന്യൂസിലന്‍ഡിന്റെ സ്ഥാനം. ഇരു ടീമുകളും രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടതെങ്കിലും റണ്‍നിരക്കില്‍ കിവീസ് പിന്നിലാണ്.
ഇന്നലെ വെളുപ്പിന് ട്രിനിഡാഡിലെ ടറൂബയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 149 റണ്‍സെടുത്തു. കിവീസിന്റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്ിസല് ഒതുങ്ങി. ഷര്‍ഫാനെ റൂതര്‍ഫോഡിന്റെ അപരാജിത അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് മത്സരത്തില്‍ ഹൈലൈറ്റായത്. രണ്ട് ബൗണ്ടറികളും ആറ് സിക്സറും സഹിതം 39 പന്തുകള്‍ നേരിട്ട താരം 68 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. വിന്‍ഡീസ് ഇന്നിങ്സിന്റെ അവസാന ഓവറിലെ എല്ലാ പന്തുകളും നേരിട്ടത് റൂതര്‍ഫോഡ് ആണ്. മിച്ചല്‍ സാന്റ്നര്‍ എറിഞ്ഞ ഈ ഓവറില്‍ താരം ഒറ്റയ്ക്ക് നേടിയ 18 റണ്‍സ് നിര്‍ണായകമായി.
കിവീസ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ട് ടിം സൗത്തി, ലോക്കീ ഫര്ഗൂസന് എന്നിവരെല്ലാം തകര്‍പ്പന്‍ ഫോമിലായിരുന്നു. വിന്‍ഡീസിനായി നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കിവീസ് ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്നു. മറുവശത്ത് റൂതര്‍ഫോഡ് ഒറ്റയ്ക്ക് പൊരുതി നിന്ന് വെല്ലുവിളിക്കാവുന്ന സ്കോറിലേക്ക് ടീമിനെ നയിച്ചു. നാല് ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ച്ചവച്ചു. ഒരോവര്‍ മെയ്ഡനാക്കുകയും ചെയ്തു.
വിന്‍ഡീസ് ടോട്ടല്‍ മറികടക്കാനിറങ്ങിയ കിവിപ്പടയെ കരീബിയന്‍ ബൗളര്‍മാരായ അല്‍സാരി ജോസഫും ഗുദകേഷ് മൊട്ടീയും ചേര്‍ന്ന് വിരിഞ്ഞുമുറുക്കി. ഫിന് അല്ലന്(26), ഗ്ലെന്‍ ഫില്ലിപ്സ്(40), മിച്ചല്‍ സാന്റ്നര്‍(പുറത്താകാതെ 21) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെ ചെറുത്തു നിന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ 33 റണ്‍സ് വേണമായിരുന്നു. മൂന്ന് സിക്സറുകള്‍ പായിച്ചുകൊണ്ട് സാന്റ്നര്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ചെങ്കിലും 19 റണ്‍സേ കണ്ടെത്താനായുള്ളൂ. വിന്‍ഡിസിന് പരമാവധി റണ്‍സ് നേടിക്കൊടുത്ത റൂതര്‍ഫോഡ് ആണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: