മലപ്പുറം: കുവൈറ്റില്‍ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ പന്ത്രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കൂട്ടായി കോത പറമ്പിന് പടിഞ്ഞാറ് കുപ്പാന്റെ പു
രക്കല്‍ പരേതനായ ഹംസയുടെ മകന് നൂഹ് (42), പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്തില്‍ താമസിക്കുന്ന മരക്കാടത്ത്പറമ്പില് വേലായുധന്റെ (മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) മകനായ ബാഹുലേയന് (36) എന്നിവര്‍ മരിച്ചു.
രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നൂഹ് കുവൈറ്റിലേക്ക്മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈറ്റിലുണ്ട്. ആറ്വര്ഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഭാര്യ: ബറത്ത്. മൂന്ന് പെണ്മക്കളാണ്.
മൂന്ന് വര്‍ഷമായി ഹൈവേ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു ബാഹുലേയന്. ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്. നാല്വര്ഷം മുമ്പാണ് വിവാഹിതനായത്. അമ്മ: ഓമന, ഭാര്യ: പ്രവീണ. സഹോദരി: തുഷാര. മക്കളില്ല.
കോട്ടയം സ്വദേശികളായ ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് പ്രദീപ്- ദീപ ദമ്പതികളുടെ മകന് ശ്രീഹരി(27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതരായ ബാബു വര്‍ഗീസിന്റെയും കുഞ്ഞലിയാമ്മയുടെയും മകന് ഷിബു വര്‍ഗീസ് (38) എന്നിവരുടെ മൃതദേഹവും ഇന്നലെ തിരിച്ചറിഞ്ഞു. ശ്രീഹരി ജൂണ്‍ 8നാണ് ജോലിയില്‍ പ്രവേശിച്ചത്. അച്ഛന് പ്രദീപിനും കുവൈറ്റിലാണ് ജോലി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. അര്ജുന്, ആനന്ദ് എന്നിവരാണ് സഹോദരങ്ങള്‍. കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച ഷിബു വര്‍ഗീസ്. സഹോദരന് ഷിജുവും ഇതേ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റാണ്. തൃക്കൊടിത്താനം പുലിക്കോട്ടുപടി പാറക്കുളം കുടുംബാംഗം റോസി തോമസാണ്(റിയ) ഷിബുവിന്റെ ഭാര്യ: മൂന്ന് വയസുള്ള എയ്ഡന്‍ വര്‍ഗീസ് ഏകമകന്.
ആലപ്പുഴ ചെങ്ങന്നൂര്‍ വന്മഴി പാണ്ടനാട് മണക്കണ്ടത്തില്‍ മാത്യു തോമസ്(53) 23 വര്‍ഷമായി കുവൈറ്റില്‍ ഷോപ്പിങ് മാളില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷിനു മാത്യു. മക്കള്‍: മേഘ, മെറിന്. സംസ്കാരം ജോര്ദാന്പുരം സെന്റ് ഗ്രിഗോറിയസ് പള്ളി സെമിത്തേരിയില്‍ പിന്നീട്. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യാത്തി ലക്ഷം വീട് കോളനി അര്‍ച്ചന ഭവനില്‍ പരേതനായ ബാബുവിന്റെയും അജിത കുമാരിയുടെയും മകനാണ് മരിച്ച അരുണ്‍ബാബു(37). പര്‍ച്ചേയ്സര്‍ ആയി ജോലി നോക്കി വരികയായിരുന്നു. ആറുമാസം മുന്‍പാണ് നാട്ടില്‍ വന്ന ശേഷം ഗള്‍ഫിലേക്ക് പോയത്. ഭാര്യ: വിനിത. മക്കള്‍: അഷ്ടമി, അമയ്യ.
പത്തനംതിട്ട രണ്ടുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കീഴ്വായ്പൂര് തേവരോട്ട് എബ്രഹാം മാത്യുവിന്റേയും പരേതയായ ആലീസ് ഏബ്രഹാമിന്റേയും മകന് സിബിന് ടി എബ്രഹാം(31), പെരിങ്ങര മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍- റാണി ദമ്പതികളുടെ മകന് ജോബി എന്ന തോമസ് സി ഉമ്മന്‍(37) എന്നിവരാണ് മരിച്ചത്. സിബിന്ഒന്പതു വര്‍ഷമായി ഇതേ കമ്പനിയിലാണ്. ആഗസ്തില്‍ മകളുടെ ഒന്നാം പിറന്നാളിന് നാട്ടില്‍ വരാനിരിക്കെയാണ് അത്യാഹിതം. തോമസ് സി. ഉമ്മന്‍ നാല് വര്‍ഷം മുമ്പാണ് ജോലിക്കായി കുവൈറ്റിലേക്ക് പോയത്.
കണ്ണൂര്‍ ധര്‍മടം കോര്‍ണേഷന്‍ സ്കൂളിനു സമീപത്തെ വാഴയില്‍ ഹൗസില്‍ വിശ്വാസ് കൃഷ്ണന്(37) ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
പരേതനായ കൃഷ്ണന്- ഹേമലത ദമ്പതികളുടെ മകനാണ്. ഭാര്യ: പൂജ. മകന്: ദൈവിക്. ചെറുപുഴ വയക്കര കുത്തൂര്‍ നിതിന്‍(27). മൂന്ന് വര്‍ഷമായി കുവൈറ്റില്‍ ഡ്രൈവറാണ്. ചെന്തലവീട്ടില് ലക്ഷ്മണന്റെയും പരേതയായ ഇന്ദിരയുടേയും മകനാണ്. സഹോദരന്: ജിതിന് (ബസ് ഡ്രൈവര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: