തിരുവനന്തപുരം: വീഴ്ചകള്‍ മറയ്ക്കാന്‍ 220 അധ്യയന ദിവസങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ മനഃപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ.് ഗോപകുമാര്‍. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ അവഗണിച്ച് ശനിയാഴ്ചകള് പ്രവൃത്തി ദിനങ്ങളാക്കിയതിനെതിരെ എന്‍ടിയു സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്കൂളില്‍ മാത്രം ആറായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു, എയ്ഡഡ് സ്കൂളുകളില്‍ നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകര്‍ വേറെയും. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപക സ്ഥലംമാറ്റം സൃഷ്ടിച്ച സങ്കീര്‍ണതകള്‍ സമാനതകളില്ലാത്തതാണ്. കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്കാന് ഇനിയും ബാക്കി നില്ക്കുന്നു. എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് അഞ്ച് വര്‍ഷമായി കുടിശികയാണ്. എന്‍സിസി കേഡറ്റുകള്‍ക്ക് ഭക്ഷണം നല്കിയ ഇനത്തില്‍ അധ്യാപകര്‍ക്ക് നല്‍കാനുള്ളത് കോടികള്‍. യൂണിഫോം വിതരണം താറുമാറായി. ഇത്തരത്തില്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ശ്രദ്ധതിരിക്കാനും രക്ഷപ്പെടാനും ഏകപക്ഷീയമായി 220 അധ്യയന ദിനങ്ങള്‍ അടിച്ചേല്പിച്ചിരിക്കുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള വിദ്യാലയങ്ങളില്‍ 220 അധ്യയന ദിവസങ്ങള്‍ തികയ്ക്കാന്‍ വെള്ളിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായിരുന്നു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആര്. ജിഗി, കെ. പ്രഭാകരന് നായര്‍, എം.ടി. സുരേഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു, സംസ്ഥാന വനിതാ കണ്‍വീനര്‍ പി. ശ്രീദേവി, പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ആര്. ഹരികൃഷ്ണന്, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എം.കെ. ദിലീപ്കുമാര്, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടറി കെ.കെ. രാജേഷ്കുമാര്‍, പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറങ്കോട് ബിജു, മേഖലാ സെക്രട്ടറിമാരായ എ.വി. ഹരീഷ്, ജെ. ഹരീഷ് കുമാര്‍, മീഡിയാ കണ്‍വീനര്‍ സതീഷ് പ്രിസം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.സി. അഖിലേഷ്, സെക്രട്ടറി ഇ. അജികുമാര്‍, എന്‍ടിയു ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, ട്രഷറര്‍ കെ.കെ. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിവേദനം നല്കി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് ശനിയാഴ്ചകള് പ്രവൃത്തിദിനങ്ങളാക്കി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിവേദനം നല്കി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: