ബെംഗളൂരു: കന്നഡ സിനിമ താരം ദര്ശന് ഉള്‍പ്പെട്ട കൊലക്കേസില്‍ ഒന്നാം പ്രതി നടി പവിത്ര ഗൗഡ തന്നെയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദര്ശന്. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. മൃതദേഹം കണ്ടെത്തി പോലീസ് അന്വേഷണം തുടങ്ങിയതോടെ കൊലപാതക കുറ്റം ഏറ്റെടുത്തു മൂന്നു പേര് രംഗത്തു വന്നിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തതോടെയായിരുന്നു നടന് ദര്‍ശന്റെ പങ്കും ഞെട്ടിക്കുന്ന ആസൂത്രണ കഥയും പുറംലോകം അറിഞ്ഞത്.
നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തുകയായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം എന്നപേരില്‍ ദര്‍ശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദര്‍ശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തില്‍ നിറഞ്ഞു. തുടര്‍ന്ന് ചിത്രദുര്‍ഗ വെങ്കടേശ്വര ലേഔട്ട് സ്വദേശിയും ദര്‍ശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു. പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്.
പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടത്. ആര്.ആര്. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: