കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ്- ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപിന്റെ (27) മരണമാണ് അവസാനം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. അച്ഛൻ കുവൈറ്റിൽ ജോലി ചെയ്തു വരികയാണ്. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പുതിയ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലേക്കു തിരിച്ചു. കീര്‍ത്തിവര്‍ധന്‍ സിങ് രാവിലെ കുവൈത്തില്‍ എത്തി. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേന വിമാനം സജ്ജമായി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു.
കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗനം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: