ബെംഗളൂരു: കൊലപാതകക്കേസിൽ ഇന്നലെ ബെംഗളൂരുവില്‍ അറസ്റ്റിലായ കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ബെംഗളൂരു പോലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും. ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഫാർമസി കമ്പനി ജീവനക്കാരനായ ചിത്രദുർഗ സ്വദേശി രേണുകസാമി (33)യുടെ കൊലപാതകത്തിലാണ് ദർശനും പവിത്രയുമടക്കം പതിമൂന്നുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ദർശന്റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുകയും ഓൺലൈനായി ശല്യപ്പെടുത്തുകയും ചെയ്ത രേണുകസാമിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രേണുകസാമിയുടെ മൃതദേഹം ഞായറാഴ്ച പടിഞ്ഞാറൻ ബെംഗളുരുവിലെ കാമാക്ഷിപാള്യയയിൽ ഓടയിലാണ് കണ്ടെത്തിയത്. രേണുകസാമി ദർശന്റെ കടുത്ത ആരാധകനായിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ദർശനുമായുള്ള ബന്ധം ഇഷ്ടപ്പെടാത്തതിനെത്തുടർന്നാണ് രേണുകസാമി നടിക്ക് അശ്ലീല മെസേജുകൾ അയച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: