കോട്ടയം: സിപിഎമ്മില്‍ അനിഷേധ്യനെന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാനുള്ള പിണറായിയുടെ നീക്കങ്ങള്‍ ഇനി വിലപ്പോവില്ലെന്ന സൂചനയാണ് പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കുന്നത്. പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള കരുനീക്കങ്ങള്‍ക്കെതിരെ പണ്ടില്ലാത്തവിധം കടുത്ത എതിര് ശബ്ദങ്ങള്‍ ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിക്കു മാത്രമാണെന്ന നിലപാടിലാണ് ജില്ലാ ഘടകങ്ങള്‍. പിണറായിയുടെ ധാര്‍ഷ്ട്യവും സര്‍ക്കാരിന്റെ പ്രവര്ത്തനവൈകല്യങ്ങള്ക്കെതിരായ പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പാര്‍ട്ടി ഒന്നാകെ വിലയിരുത്തുന്നു. ഇ പി ജയരാജനെപ്പോലെയും എ കെ ബാലനെപ്പോലെയുമുള്ള ഏറാന്മൂളികളെ മുന്നില്‍ നിറുത്തി എല്ലാ ജനവിരുദ്ധതയും ഇനി അധികകാലം വെളിപ്പിച്ചെടുക്കാനാവില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുകയാണ്. പിണറായി ശൈലി മാറ്റാത്തപക്ഷം അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ബാലികേറാമലയാകും.
ലോക്്സഭാ തിരഞ്ഞെടുപ്പ് പരാജയം സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തിയുടെ ഫലം എന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍ അതിന്റെ സൂചകമാണ്. ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. ഇതൊക്കെയും ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് . പിണറായിയും രാധാകൃഷ്ണനും ഒഴികെയുള്ള മന്ത്രിമാരുടെ പരിചയസമ്പത്തില്ലായ്മയും ക്ഷേമ പെന്‍ഷനുകള്‍ സമയത്ത് നല്‍കാതെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചതും ജനവിരുദ്ധ നിലപാടുകളും പ്രതിഷേധ വോട്ടായി മാറി. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരുടെ വോട്ട് കാര്യമായി ലഭിച്ചില്ല . മാത്രമല്ല മുസ്ലിം പ്രീണനം അതിരു കവിഞ്ഞപ്പോള്‍ മറ്റ് വിഭാഗങ്ങളുടെ വോട്ടുകള്‍ ചോരുന്നതിനും ഇടയാക്കി. സിപിഎമ്മിന്റെ അപചയം ബിജെപിയുടെ ശക്തിയായി മാറുന്നതിനെ കുറിച്ച് കമ്മിറ്റി അംഗങ്ങള്‍ പലരും യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
എറണാകുളം ജില്ലാ കമ്മിറ്റി മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തോല്‍വിയുടെ ഉത്തരവാദിത്വം സര്‍ക്കാരില്‍ ചുമത്തുകയാണ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നു മാത്രമല്ല സിപിഐയില്‍ നിന്നും കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റൊരു സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തങ്ങളുടെ കോട്ടയത്തെ പരാജയം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നാണ് വിലയിരുത്തിയത്.
ഏതായാലും ഏകഛത്രാധിപതിയായി ഇനി ഏറെക്കാലം പിണറായിക്ക് വാഴാനാകില്ലെന്ന സൂചനയാണ് പാര്‍ട്ടിയില്‍ നിന്ന് അസാധാരണമായി ഉയരുന്ന ഈ എതിര് ശബ്ദങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: