നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയിരിക്കുന്ന മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ഭരണത്തിലെ മുന്‍ഗണനകള്‍ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഒരിക്കല്‍ക്കൂടി സത്യപ്രതിജ്ഞ ചെയ്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യ ഫയല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു വിതരണം ചെയ്യുന്നതിലാണ്. ഓരോ നാല് മാസം കൂടുമ്പോഴും ഒന്‍പത് കോടിയിലേറെപ്പേര്‍ക്ക് 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ പതിനേഴാമത്തെ ഗഡുവാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിനായി 20,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പത്ത് വര്‍ഷം അധികാരത്തിലിരുന്ന മോദി സര്‍ക്കാര്‍ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതികളില്‍ ഒന്നു മാത്രമാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പിഎം വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ മറ്റു പദ്ധതികളില്‍പ്പെടുന്നു. കൃഷിയിറക്കുന്നതിനു വേണ്ട ചെലവ് കുറച്ചുകൊണ്ടുവന്ന് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതികള്‍. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണികൡലെത്തിക്കാനുള്ള സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. കര്‍ഷകരുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി എല്ലാ തരത്തിലുള്ള സൗകര്യങ്ങളും സജ്ജമാക്കി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗതാഗതം എളുപ്പമാക്കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കിസാന്‍ റെയില്‍വേയും കൃഷി ഉഡാന്‍ യോജനയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായകമായി.
സ്വതന്ത്ര ഭാരതത്തില്‍ കര്‍ഷകര്‍ക്കുവേണ്ടി ഇത്രയേറെ കാര്യങ്ങള്‍ ചെയ്ത മറ്റൊരു സര്‍ക്കാരുണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം നല്കിയ സര്‍ക്കാരുകള്‍ അറുപതിലേറെ വര്‍ഷം ഭരിച്ചിട്ടും ചെയ്യാന്‍ കഴിയുന്നതു പോയിട്ട്, അവര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാതിരുന്ന ക്ഷേമപദ്ധതികളാണ് മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നടപ്പാക്കിയത്. കര്‍ഷകക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ സാധാരണ കര്‍ഷകരാവണമെന്ന് ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ സ്ഥിതി ഇങ്ങനെയായിരുന്നില്ല. കര്‍ഷകരുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വന്‍കിടക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ആനുകൂല്യം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഓരോ പദ്ധതിയും കൊണ്ടുവന്നത്. ഇതില്‍ അപകടം മണത്ത വന്‍കിട കര്‍ഷകരാണ് സാധാരണ കര്‍ഷകര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. കര്‍ഷക സമരമെന്ന പേരില്‍ ചില ഛിദ്രശക്തികളെ ഇളക്കിവിട്ട് കലാപത്തിനു ശ്രമിച്ചപ്പോഴാണ് രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഈ ബില്ലുകള്‍ പിന്‍വലിക്കാന്‍ രണ്ടാം മോദി സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ഇതുകൊണ്ടൊന്നും കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡു വിതരണം ചെയ്തുകൊണ്ടുള്ള ആദ്യ തീരുമാനം. 2019 ല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ മൂന്നരലക്ഷം കോടിയോളം രൂപ ഇപ്രകാരം വിതരണം ചെയ്തിരിക്കുന്നു. ഇതൊരു റിക്കോര്‍ഡാണെന്ന് പറയേണ്ടതില്ലല്ലോ.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ മൂന്നു കോടി വീടുകള്‍കൂടി നിര്‍മിക്കാന്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചതാണ് മറ്റൊന്ന്. 2015 ല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ നാലരക്കോടിയോളം വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ശൗചാലയങ്ങള്‍, പാചകവാതക കണക്ഷന്, വൈദ്യുതി കണക്ഷന്, കുടിവെള്ള ടാപ്പ് എന്നിവ സഹിതമുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. രാജ്യം പല മേഖലകളിലും പുരോഗമിക്കുമ്പോഴും തലചായ്ക്കാന്‍ ഇടമില്ലാതെ ആകാശം മേല്‍ക്കൂരയായി കഴിയുന്ന കോടിക്കണക്കിനാളുകളാണ് ഇപ്പോഴും രാജ്യത്തുള്ളത്. ഈ അവസ്ഥ മാറി എല്ലാവര്ക്കും വീടെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക പുരോഗതിയാര്ജിക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മോദി സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നു. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലോകത്തെ പത്താമത് സാമ്പത്തിക ശക്തിയായിരുന്നു ഭാരതം. മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍, വന്‍ശക്തികളിലൊന്നായി കരുതപ്പെടുന്ന ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താന്‍ ഭാരതത്തിന് കഴിഞ്ഞിരിക്കുന്നു. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ മൂന്നാമത്തെ സാമ്പത്തികശക്തിയാവാനാണ് ശ്രമിക്കുന്നത്. ഒരുപറ്റം സമ്പന്നര്‍ മാത്രമല്ല അവഗണിക്കപ്പെട്ടവരും പാവപ്പെട്ടവരും ഇതിന്റെ ഗുണഭോക്താക്കള്‍ ആവേണ്ടതുണ്ട്. കര്‍ഷകക്ഷേമം ഉറപ്പുവരുത്തുന്നതും ഭവനരഹിതര്‍ക്ക് സ്വന്തമായി വീടു നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: