ഇരിട്ടി: ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാര്‍ വാഹനമിടിച്ചു തകര്‍ന്നിട്ട് ആറുദിവസം പിന്നിടുമ്പോഴും ഇത് നേരെയാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍. മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ്.
പാലം ഇടിച്ചു തകര്‍ത്ത കൂറ്റന്‍ ചരക്കു ലോറിയെ പാലത്തിന്റെ കവാടത്തില്‍ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തിയശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ അധികൃതര്‍ പോവുകയായിരുന്നു. ഈപാലം വഴിയുള്ള ഗതാഗതം നിലച്ചതോടെ പുതിയപാലത്തിലും ഇരിട്ടി നഗരത്തിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
കഴിഞ്ഞ 4 ന് ഉച്ചയോടെയാണ് കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്നത്. ലോഡിറക്കിയശേഷം ഇരിട്ടി വഴി തിരിച്ചുപോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷന് കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലെത്തിയ ലോറി പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിന് പകരം പഴയപാലത്തില്‍ കയറി പാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ ഇരു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഉരുക്ക് നിര്‍മ്മിതമായ ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവിലേക്ക് തൂങ്ങി നില്ക്കുന്ന നിലയിലായി. ഇടിച്ച വാഹനം പാലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയിട്ട് ഇതുവഴിയുള്ള ഗതാഗതം അധികൃതര്‍ തടസ്സപ്പെടുത്തുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 90 വര്‍ഷം പഴക്കമുള്ള പാലം പുതിയ പാലം നിര്‍മ്മിച്ചതോടെ പൈതൃക സ്മാരകമെന്ന നിലയില്‍ പൊതുമരാമത്ത് ഫണ്ടില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. കാര്യമായ ബലക്ഷയമൊന്നുമില്ലാത്ത പാലം ഇനിയും പതിറ്റാണ്ടുകളോളം നിലനിര്‍ത്താന്‍ കഴിയും. തകര്‍ന്ന മേലാപ്പ് നന്നാക്കി ഗതാഗതയോഗ്യമാക്കുന്നതിനു പകരം ഇത് അടച്ചിടുകയാണ് പൊതുമരാമത്തു വകുപ്പ് ചെയ്തിരിക്കുന്നത്.
ഇരിട്ടി പട്ടണത്തില്‍ നിന്നും തളിപ്പറമ്പ്, ഉളിക്കല്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഴുവന്‍ കടന്നു പോകാന്‍ വണ്‍വേയായി ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് മുതലുള്ള വാഹനങ്ങള്‍ ഇരിട്ടി വഴിയാണ് കടന്നു പോകുന്നത്. മാസങ്ങളായി ഇരിട്ടി പാലം കവലയിലെ ഓട്ടോമറ്റിക്ക് സിഗ്നല്‍ സംവിധാനവും കണ്ണടച്ച് കിടക്കുകയാണ്. ഇതോടൊപ്പം പഴയ പാലം അടച്ചിട്ടതും വലിയ ഗതാഗതക്കുരുക്കും അപകട ഭീഷണിയുമാണ് പാലത്തിലും നഗരത്തിലും ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: