നെല്ലൂര്‍(ആന്ധ്രാപ്രദേശ്): ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലേക്ക്, നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍. നെല്ലൂര്‍ മേയര്‍ ശ്രാവന്തി രാജിവച്ചത് വൈഎസ്ആര്‍സിപിക്ക് തിരിച്ചടിയാവുന്നു.
രാഷ്ട്രീയ ഗുരുവും ടിഡിപി നേതാവുമായ ശ്രീധര്‍ റെഡ്ഡി നെല്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയതിന് പിന്നാലെയാണ് ശ്രാവന്തിയുടെ രാജി. ഇനിയും പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ലെന്ന് ശ്രാവന്തി മാധ്യമങ്ങളോട് പറഞ്ഞു. 2023ല്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് ടിഡിപിയില്‍ ചേര്‍ന്ന ശ്രീധര്‍ റെഡ്ഡിയാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. എനിക്ക് അവസരങ്ങള്‍ നല്കിയതും മേയറാക്കിയതും അദ്ദേഹമാണ്. രാഷ്ട്രീയത്തില്‍ ധൈര്യംപകര്ന്ന അദ്ദേഹത്തോടൊപ്പമാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെങ്കിലും അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുന്നുവെന്ന ബോധ്യത്തിലാണ് ഇത്രകാലം ഞാന്‍ തുടര്‍ന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. അദ്ദേഹം ടിഡിപിയുടെ എംഎല്‍എ ആണ്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് മേല്‍ സമ്മര്‍ദമുണ്ട്, ശ്രാവന്തി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് വൈഎസ്ആര്‍സിപി നേരിട്ടത്. 2019ല്‍ 151 സീറ്റ് നേടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് ഇക്കുറി ലഭിച്ചത് വെറും പതിനൊന്ന് സീറ്റാണ്. ലോക്സഭയിലേക്ക് ജയിച്ചത് നാല് സീറ്റിലും. പാര്‍ട്ടിയുടെ 26 മന്ത്രിമാരും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: