കറാച്ചി: പാകിസ്ഥാനില്‍ സൈനിക വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ക്യാപ്റ്റനും ഉള്‍പ്പെടുന്നു.
കാച്ചി ഖമര്‍, സര്‍ബന്ദ് പോസ്റ്റ് ലക്കി മര്‍വത് എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ആദ്യം ഐഇഡി സ്ഫോടനം ഉണ്ടാകുകയും പിന്നീട് വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ബോംബാക്രമണത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പാകിസ്ഥാനി താലിബാന്റെ ശക്തികേന്ദ്രമാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖല. പാകിസ്ഥാനി താലിബാന്റെ നേതൃത്വത്തില്‍ ഇവിടെ ഇടയ്ക്കിടെ ഭീകരാക്രമണങ്ങള്‍ നടക്കാറുണ്ട്. തെഹ്രിക് ഇ താലിബാന് പാകിസ്ഥാന് (ടിടിപി) എന്നാണ് പാകിസ്ഥാനി താലിബാന് അറിയപ്പെടുന്നത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലെത്തിയതിനുശേഷമാണ് ഇവിടെ ഭീകരര്‍ ശക്തി പ്രാപിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖല മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ എണ്‍പതിലേറെ പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ 29 പേരും കൊല്ലപ്പെട്ടിരുന്നു. 2014 മുതല്‍ ഇതുവരെ 329 പേര് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: