ന്യൂഡല്‍ഹി: വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളുമായി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഈ സാമ്പത്തിക വര്‍ഷം തന്നെ 250 കിലോമീറ്റര്‍ വേഗതയുള്ള അതിവേഗ ട്രെയിനുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകള്‍ വന്ദേ ഭാരത് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുകയാണ് ചെയ്യുക. റെയില്‍വെ, ഇത് സംബന്ധിച്ച നിര്‍ദേശം ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിക്ക് നല്കി കഴിഞ്ഞു.
ജപ്പാനിലെ ഇ5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുക. വന്ദേ ഭാരത് ട്രെയിനുകള്‍ നിര്മ്മിക്കുന്നയിടത്താകും ഈ രണ്ട് ട്രെയിനുകളും ഐസിഎഫ് നിര്‍മ്മിക്കുക.
തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ‘Standard-gauge’ ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍മിക്കുന്നത്. ഇവ മുംബൈ-അഹമ്മദാബാദ് റെയില്‍ കോറിഡോറിലൂടെയായിരിക്കും സഞ്ചരിക്കുക.എട്ട് കോച്ചുകള്‍ വീതമുള്ള ട്രെയിനുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് റെയില്‍വെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീല്‍ കാര്‍ ബോഡി ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.
നിലവില്‍ വിജയകരമായി മാറിയ വന്ദേഭാരത് പ്ലാറ്റ്ഫോമില്ത്തന്നെയായിരിക്കും ബുള്ളറ്റ് ട്രെയിനുകളും നിര്‍മിക്കുക. നിലവിലുള്ള ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കാനുള്ള സമയത്തില്‍ വലിയ ഒരു ഭാഗം ലാഭിക്കാന്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് സാധിക്കും.
ട്രെയിനുകളുടെ റണ്ണിങ് സ്പീഡ് 220 കിലോമീറ്ററും, പരമാവധി വേഗത 250 കിലോമീറ്ററുമായിരിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയുടെ തുടക്കത്തിലാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേ സമയം റോളിങ് സ്റ്റോക്ക് സപ്ലൈ ചെയ്യുന്ന ഹിറ്റാച്ചി, കാവസാക്കി എന്നീ ജാപ്പനീസ് കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുന്നുമുണ്ട്.
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ വലിയ കാലതമാസമാണ് നേരിടുന്നുണ്ട്്. 2022ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി മഹാരാഷ്ട്രയിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു. അതേ സമയം നിലവില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗം 180 കിലോമീറ്റര്‍ മാത്രമാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലിറക്കാന്‍ സാധിച്ചാല്‍ അത് ഇന്ത്യന്‍ റെയില്‍വെയ്ക്ക് തന്നെ അഭിമാന നേട്ടമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: