തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിയുടെ കൈയിലെ ആറാം വിരല്‍ മാറ്റുന്നതിന് പകരമായി നാവിന് സര്‍ജറിയാണ് നടത്തിയത്. അത് തെറ്റാണ്. ഇത്തരം പിഴവുകള്‍ തെറ്റായി കണ്ട് കര്‍ശന നടപടി സ്വീകരിക്കും. തെറ്റ് തെറ്റായി തന്നെ കണ്ടുകൊണ്ട് സൂര്യന് അസ്തമിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം പിഴവുകള്‍ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകശ്രമങ്ങള്‍ നടക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകള്‍ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നല്കുന്ന ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരം ചികിത്സാപ്പിഴവ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇത്തരം പിഴവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സര്‍ക്കാര്‍ എടുത്ത നടപടികള്‍ മൂലമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: