കേരളത്തിലെ സ്ത്രീ സമത്വം പുസ്കത്തിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുകയാണോ എന്ന ചോദ്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്നത്. കേരളത്തിൽ നിന്നും ഒരൊറ്റ വനിതകളെ പോലും ഇക്കുറി മലയാളി ലോക്സഭയിലേക്ക് അയച്ചില്ല. കഴിഞ്ഞ ലോക്സഭയിൽ കേരളത്തിൽ നിന്നും ആകെയുണ്ടായിരുന്ന വനിത പോലും പരാജയപ്പെടുകയും ചെയ്തു. വനിതാ മതിലും സ്ത്രീ സമത്വവും എല്ലാം പ്രസംഗത്തിൽ മാത്രമാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
കേരളത്തിലെ മൂന്നാം ക്ലാസ് പാഠപുസ്കകത്തിൽ അച്ചടിച്ച് വന്ന ഒരു ചിത്രം വലിയ ചർച്ചയായിരുന്നു. അടുക്കള ജോലികൾ സ്ത്രീയും പുരുഷനും ചേർന്ന് ചെയ്യുന്ന ഒരു ചിത്രമായിരുന്നു അത്. ‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ.’ – എന്ന തലക്കെട്ടോടെയുള്ള പാഠപുസ്തകത്തിലെ ചിത്രത്തിൽ പുരുഷൻ തേങ്ങ ചിരകുന്നത് കാണാം. ഈ ചിത്രം സൈബറിടങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിലായി ഒമ്പത് വനിതാ സ്ഥാനാർഥികളാണ് ഇക്കുറി മത്സരിച്ചത്. പ്രധാനപ്പെട്ട എല്ലാ പാർട്ടികളും സ്ത്രീകൾക്ക് സീറ്റുകൾ നൽകിയിരുന്നു. ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനും സിപിഐ ദേശീയ നേതാവ് ആനി രാജയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയും കോൺഗ്രസ് നേതാവും ആലത്തൂരിലെ സിറ്റിംഗ് എംപിയുമായ രമ്യ ഹരിദാസും വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ സരസുവും ഉൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ ഒരൊറ്റ വനിതക്ക് പോലും വിജയം നേടാനായില്ല.
എറണാകുളത്തെ ഇടതുസ്ഥാനാർഥി കെജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർഥികളായ നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), എം.എൽ. അശ്വിനി (കാസർകോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞ മറ്റ് വനിതാ സ്ഥാനാർഥികൾ.
കോൺഗ്രസിന്റെ ആലത്തൂരിലെ സിറ്റിങ് എം.പി. രമ്യ ഹരിദാസാണ് വിജയത്തിൽ നിന്നും അകന്നുമാറിയ മറ്റൊരു സ്റ്റാർ സ്ഥാനാർഥി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയും ഒരു വനിതയായിരുന്നു, ടി.എൻ. സരസു. ഇടതുപക്ഷത്തിന് കേരളത്തിൽ ആകെ വിജയിക്കാൻ പറ്റിയ ആലത്തൂർ മണ്ഡലത്തിൽ നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചത്. രമ്യയും സരസുവും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി.
ബിജെപിയുടെ കേരളത്തിലെ എ-ക്ലാസ് മണ്ഡലമായ ആലപ്പുഴയിലെ തീപ്പൊരി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പരാജയപ്പെടാനായിരുന്നു വിധി. എൻഡിഎ കേരളത്തിൽനിന്നും വിജയമുറപ്പിച്ചിരുന്ന സീറ്റുകളിൽ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്റേത്. എന്നാൽ കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ വിജയിച്ച ആലപ്പുഴയിൽ മൂന്നു ലക്ഷത്തോളം വോട്ടുകൾ പിടിച്ച് മൂന്നാം സ്ഥാനത്തെത്താനേ ശോഭയ്ക്കായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: