തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂർകാർക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോൾ ബിജെപി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്പോൾ അന്നു ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന് സാധൂകരണമാകുന്നു. അന്ന് എന്നെ ആരും കേട്ടില്ല. ഇപ്പോൾ ഏട്ടനും എന്റെ അനുഭവം ഉണ്ടായി. അന്ന് എന്നെ വിമർശിച്ച ഏട്ടനും കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇപ്പോൾ മുരളിയേട്ടൻ പറയുന്നു അദ്ദേഹം എല്ലാം ഉപക്ഷിയ്ക്കുകയാണെന്ന്. അന്ന് എന്നെ കേൾക്കാത്തത് തെറ്റായെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടിട്ടുണ്ടാവണം.
കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. ഇത് തുടരാൻ അനുവദിക്കരുത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് കോൺഗ്രസ് ആണ്. കോണ്‍ഗ്രസുകാരുടെ കള്ളക്കളി പൊളിച്ചില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ തമ്മിലടിച്ച് പിരിയും. അതിലേക്കാണ് കോണ്‍ഗ്രസ് കൊണ്ടുപോകുന്നതെന്നും പത്മജ പറഞ്ഞു. ചേട്ടനോട് ഇപ്പോഴും സ്നേഹവും ബഹുമാനവുമുള്ള അനിയത്തിയാണ് താനെന്ന് പത്മജ പറഞ്ഞു.
200 പേരെ വച്ച് കോൺഗ്രസ് എങ്ങനെ കേന്ദ്ര ഭരണം ഏറ്റെടുക്കും എന്നു മനസ്സിലാക്കുന്നില്ല. മമത അവരുടെ കൂടെ ഉണ്ടോ? ഇല്ലെന്നാണ് മനസ്സിലാകുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം മാധ്യമങ്ങളും ഏറ്റെടുക്കരുത് എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ ഓരോ ലോക സഭ മണ്ഡലത്തിലും ബിജെപി നല്ല വോട്ട് നേടിയിട്ടുണ്ട്. ഇനിയും താമര വിരിയും കോൺഗ്രസ്സിൽ നിന്നും ഉൾപ്പെടെ ഇനിയും ആളുകൾ ബിജെപിയിലേയ്ക്കു വരും. ആര് ബിജെപിയിലേക്ക് വന്നാലും സന്തോഷം. തെറ്റിദ്ധരിച്ച കുറേ ആളുകള്‍ അപ്പുറത്തുണ്ട്. അവരെല്ലാം ഇവിടെ വന്ന് ഈ പാര്‍ട്ടിയുടെ സ്നേഹവും അച്ചടക്കവും സ്ത്രീകളോടുള്ള പെരുമാറ്റവും കണ്ട് പഠിച്ചാല്‍ എല്ലാവരും വരുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിൽ നല്ല ആളുകൾ ഉണ്ട്. പക്ഷെ പാർട്ടിയെ നിയന്തിയ്ക്കുന്നത് കയ്യടക്കി വച്ചിരിയ്ക്കുന്നത് ഒരു കോക്കസ് ആണ്. അവർ തന്നെയാണ് എന്നെ തോൽപ്പിച്ചത് ഇപ്പോൾ കെ.മുരളീധനെ തോൽപ്പിച്ചത്. വലിയ തോൽവിയാണ് അദ്ദേഹത്തിനുയത്. ബിജെപിയുടെ ഈ വിജയത്തിൽ മാധ്യമങ്ങളുടെ പിന്തുണ ഉണ്ടായി. അതിനു നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു. തൃശ്ശൂരിൽ നിന്നും കൈപ്പേറിയ അനുഭവും ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ക്ഷണിക്കണമെന്നില്ല, അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട്. അദ്ദേഹത്തിനു തീരുമാനിക്കാം എന്നും ബിജെപിയിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിയ്ക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു.
തൃശ്ശൂരിലേയ്ക്കു മത്സരിയ്ക്കാൻ വരല്ലേ എന്നു പറഞ്ഞതാണ്. അപ്പോൾ അദ്ദേഹം പറഞ്ഞത് അച്ഛനം അമ്മയും കിടക്കുന്ന മണ്ണ് ആരെങ്കിലും എടുത്തു കൊണ്ടു പോകരുത് എന്നാണ്. ഇപ്പോൾ എന്തായി. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മുരളീ മന്ദിരത്തിൽ വരാം. ഞങ്ങളുടെ വീടല്ലേ – പത്മജ പറഞ്ഞു. തൃശ്ശൂർ എന്നും പ്രിയപ്പെട്ട മണ്ണാണ്. തൃശ്ശൂർക്കാരെല്ലാം നല്ല മനുഷ്യരാണ്. രാശിയില്ലാത്ത മണ്ണല്ല തൃശ്ശൂർ. എന്നാൽ രാശിയില്ലാതാക്കുന്നത് ചില കോക്കസ് ആണ്. പ്രതാപന് മാത്രമല്ല കെ.മുരളീധരന്റെ തോൽവിയുടെ പങ്ക് എന്നും അവർ അഭിപ്രായപ്പെട്ടു.
സുരേഷ് ഗോപിയുടെ വിജയം ഡീൽ എന്നു പറയുന്നതിൽ അതിൽ അർത്ഥമില്ല. വെറുതെ എന്തെങ്കിലുമൊക്കെ പറയും പോലെയാണ്. അന്തർധാര എന്നൊന്നില്ല.
ബിജെപി സ്നേഹം കൊണ്ടു നേടിയ വോട്ടാണ്. ഓരോ പ്രവർത്തകൻ്റേയും കഠിക്കാദ്ധ്വാനം അതിനു പിന്നിലുണ്ട്. കോൺഗ്രസ്സിന്റെ കുപ്രചരണങ്ങൾ ജനങ്ങൾ തള്ളി. വിദ്വേഷ പ്രചാരണം മനസ്സിലാക്കി മതന്യൂനപക്ഷങ്ങൾ ബിജെപിയ്ക്കൊപ്പം നിന്നു ഇതൊരു തുടക്കമാണ്. ഇവിടെ ആദ്യ താമര വിരിയും എന്നു ഞാൻ അന്നേ പറഞ്ഞിരുന്നു. ഇനിയും താമര വിരിയുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: