കോട്ടയം: സംസ്ഥാനപാര്ട്ടിപദവി നഷ്ടപ്പെടില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം കേരള കോണ്‍ഗ്രസ് മണി വിഭാഗത്തിനും ജോസ് കെ മാണിക്കും ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അടുത്തകാലത്തൊന്നും അതില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിക്കു കഴിയുകയുമില്ല.
ജൂലൈയില്‍ കാലാവധി കഴിയുന്ന രാജ്യസഭാ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമം എല്‍.ഡി.എഫില്‍ നടത്തുന്നതിനിടെയാണ് ജോസ് കെ മാണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ഇനിയിപ്പോള്‍ കോട്ടയം ലോക്സഭാ മണ്ഡലം നഷ്ടപ്പെടുത്തിയ പാര്‍ട്ടി എന്ന നിലയ്ക്ക് ഇടതുമുന്നണിയില്‍ വിലപേശാനുള്ള ശേഷിയും നഷ്ടപ്പെട്ടു. മാണി വിഭാഗത്തെ ഉള്‍പ്പെടുത്തിയതു കൊണ്ട് തങ്ങള്‍ക്ക് എന്താണ് നേട്ടം എന്ന ചോദ്യം സ്വാഭാവികമായും എല്‍.ഡി. എഫ് ഉയര്‍ത്തും.
കേരള കോണ്‍ഗ്രസിന്റെ പ്രധാന തട്ടകമായ കോട്ടയത്ത് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഏതെന്ന് ചോദ്യത്തിന്, അത് മാണി വിഭാഗം അല്ല എന്ന ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടു എന്നിനേക്കാള്‍ തങ്ങളുടെ തട്ടകമായ പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെന്നത് നാണക്കേടായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് നേരിട്ട് മത്സരിച്ച് പരാജയപ്പെട്ട ജോസ് കെ മാണി അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാമെന്നുള്ള പ്രതീക്ഷയിലാണ് സിറ്റിംഗ് എംപിയായ തോമസ് ചാഴികാടനെ തന്നെ ഇക്കുറി കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ പരീക്ഷിച്ചത്. എം. പി. എന്ന നിലയില്‍ മികച്ചപ്രവര്‍ത്തനം നടത്തി എന്ന അവകാശവാദവുമായി ചാഴികാടനെ അവതരിപ്പിച്ചെങ്കിലും 80,000ത്തിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനോട് തറപറ്റിയത്.
ജൂലൈയില്‍ ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം തീരും. നിലവില്‍ ലോക്സഭാംഗത്വം കൂടി നഷ്ടപ്പെട്ടതോടെ പാര്‍ലമെന്റില്‍ അംഗത്വമില്ലാത്ത പാര്‍ട്ടി എന്ന നിലയിലാവും മാണി വിഭാഗം. താരതമ്യേന ദുര്‍ബലരെന്നു കരുതപ്പെട്ടിരുന്ന ജോസഫ് വിഭാഗം പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. 5 എംഎല്‍എമാര്‍ ഉള്ളതുകൊണ്ട് സംസ്ഥാന പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടില്ല എന്നത് മാത്രമാണ് തല്ക്കാലം ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: