തൃശ്ശൂര്‍: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു കയറിയപ്പോള്‍ തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് നാണക്കേടായി. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന കെ.മുരളീധരനെ രംഗത്തിറക്കി പട നയിച്ചിട്ടും കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ ഒരു ലക്ഷം വോട്ടാണ് കോണ്‍ഗ്രസിന് തൃശ്ശൂരില്‍ നഷ്ടമായത്.
സിറ്റിംഗ് എംപിയായിരുന്ന ടി.എന്‍. പ്രതാപന് വിജയസാധ്യത ഇല്ലെന്നു പറഞ്ഞാണ് പകരം കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. തലേ ദിവസവും സുരേഷ് ഗോപിക്ക് വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാം എന്നും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്നുമായിരുന്നു മുരളീധരന്റെ അവകാശവാദം.
എന്തുകൊണ്ട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി എന്നത് വിശദീകരിക്കാന്‍ ഇനി നേതൃത്വം ഏറെ പണിപ്പെടേണ്ടി വരും. ഗുരുവായൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ ഒഴികെ മറ്റ് അഞ്ച് അസംബഌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
സിറ്റിംഗ് എംപി ടി.എന്‍. പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല എന്ന ആരോപണം മുരളീധരന്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്. അതേസമയം പ്രതാപനും പരിഭവത്തിലാണ്. കോണ്‍ഗ്രസിന്റെ മറ്റു എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കിയപ്പോള്‍ പ്രതാപനെ മാത്രം ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണിയിലും കലാപം രൂക്ഷമാക്കും. പ്രചാരണ വേളയില്‍ തന്നെ സിപിഎം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന ആക്ഷേപം സിപിഐക്ക് ഉണ്ടായിരുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ ആയെങ്കിലും പുതുതായി ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മുന്നണിക്ക് വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന് വ്യക്തമാണ്. ഇത് അടുത്ത പാര്‍ട്ടി യോഗങ്ങളിലും മുന്നണി യോഗങ്ങളിലും ചര്‍ച്ചയാകും. വി.എസ്. സുനില്‍കുമാറിനെ പോലെ പ്രഗല്‍ഭനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ടി വന്നത് ഇടതുപക്ഷത്തിന് തൃശ്ശൂരില്‍ തിരിച്ചടിയാണ്. സംസ്ഥാനത്ത് സിപിഐ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന ഏക സീറ്റ് കൂടിയായിരുന്നു തൃശ്ശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: