കൊച്ചി: അന്തരീക്ഷച്ചുഴികളുടെ സ്വാധീനത്തെ തുടര്‍ന്ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ഇന്നലെ കേരളത്തില്‍ എല്ലായിടത്തും മഴ എത്തി. നേരത്തെ കണ്ണൂര്‍ വരെയായിരുന്നു മഴ വന്നിരുന്നത്. ലക്ഷദ്വീപിലും തമിഴ്നാട്ടിലും സിക്കിമിലും പൂര്‍ണമായും മഴ എത്തി. കര്‍ണ്ണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ മേഖലയിലും മഴ എത്തി. സാധാരണ ജൂണ്‍ 5നാണ് ഈ മേഖലയില്‍ മഴ എത്തുക. ഇത്തവണ അന്തരീക്ഷച്ചുഴികള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ രൂപപ്പെടുന്നതിനാല്‍ വൈകാതെ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴയെത്തും.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് പരക്കെ ശക്തമായി. ഇന്നലെ മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. തൊടുപുഴ അടക്കമുള്ള മേഖലകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിച്ച മഴ വൈകിട്ട് 5.30 വരെ ശക്തി കുറയാതെ തുടര്‍ന്നു. ഇടിയോട് കൂടി എത്തിയ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും രൂപമെടുത്തു. വൈകിട്ടോടെ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ പോലുള്ള കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ വ്യാപിച്ചു.
രാത്രിയിലും മധ്യ കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ എത്തി. ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്ട്ടുള്ളതെങ്കിലും മഴ പരക്കെ എത്തും. രാവിലെ കുറച്ച് നേരെ വെയിലിന് സാധ്യതയുണ്ടെങ്കിലും സ്കൂള്‍ തുറക്കുന്ന ദിവസമായതിനാല്‍ രാവിലെ തന്നെ തീരദേശത്ത് മഴ എത്തും. 9 മണിയോടെ വിവിധയിടങ്ങളിലേക്ക് മഴ വ്യാപിക്കും. എന്നാല്‍ വലിയ തോതില്‍ ശക്തമാകാന്‍ സാധ്യതയില്ല. ഉച്ചയ്ക്ക് ശേഷവും മഴക്ക് സാധ്യതയുണ്ട്. രാത്രിയിലും മഴ പൊതുവെ അകന്ന് നില്ക്കും. തുടക്കത്തില്‍ തന്നെ ശക്തമായ ഇടിയോട് കൂടി മഴ എത്തിയാല്‍ ആ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മഴ 3 മണിക്കൂര്‍ വരെ ശക്തമായി ഈ മേഖലകളില്‍ ലഭിക്കും.
കാലവര്‍ഷം രണ്ട് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ശരാശരി 3.67 സെ.മീ. മഴ ലഭിച്ചു. 33 ശതമാനം കൂടുതലുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ തന്നെ മികച്ചമഴയാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് തൃശ്ശൂരിലെ കുന്നംകുളത്തും വടക്കാഞ്ചേരിയിലുമാണ് 14 സെ.മീ. വീതം. തെക്കന്‍ കേരള തീരത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം തുടരുകയാണ്. ഇതിനൊപ്പം വടക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തുമായി ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയുമായി മറ്റൊരു അന്തരീക്ഷച്ചുഴിയും തുടരുന്നുണ്ട്.
ഇത് മൂലം പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്തേക്ക് ശക്തമായി തുടരുന്നതാണ് മഴ തുടരാന്‍ പ്രധാന കാരണം. കേരള തീരത്ത് തുടര്‍ന്നിരുന്ന മത്സ്യബന്ധനത്തിനുള്ള നിരോധനം ഇന്നത്തേക്ക് പിന്‍വലിച്ചിട്ടുണ്ട്. നാളെ മുതല്‍ 6 വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കമുണ്ട്. അതേ സമയം വേലിയേറ്റം മൂലം തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യതയും തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: