നാഗ്പൂര്‍: ദേവി അഹല്യാബായി ഹോള്‍ക്കര്‍ മാതൃകാ ഭരണാധികാരിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്ഷിക വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു സര്‍സംഘചാലക്. വൈധവ്യം ഒറ്റപ്പെടുത്തിയിട്ടും അഹല്യാബായി ഒരു വലിയ ഭരണകൂടത്തെ നയിച്ചു. ജനങ്ങളെ പരിപാലിച്ചു. അതിര്‍ത്തികള്‍ വിപുലീകരിച്ചു. സ്വരാജ്യം എന്ന ആദര്‍ശം നടപ്പാക്കി. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ ജനങ്ങളെ എല്ലാ കടങ്ങളില്‍ നിന്നും മോചിപ്പിച്ചതിനാലാണ് ദേവിയെ പുണ്യശ്ലോകയെന്ന് വിശേഷിപ്പിച്ചത്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേവി വ്യവസായങ്ങള്‍ സ്ഥാപിച്ചു. മഹേശ്വരിലെ തുണി വ്യവസായത്തിലൂടെ സര്‍വസാധാരണക്കാരുടെ ജീവിതത്തെ സമൃദ്ധിയിലേക്ക് നയിച്ചു. നികുതി സമ്പ്രദായം ജനസൗഹൃദമാക്കി. കര്‍ഷകരെ പരിപാലിച്ചു. എല്ലാ അര്‍ത്ഥത്തിലും സദ്ഭരണത്തിന്റെ മാതൃകയായിരുന്നു അത്. ഒരമ്മയെപ്പോലെ അഹല്യാബായി ജനങ്ങളെ പരിപാലിച്ചു. ദേവി എന്ന വിശേഷണത്തോടെയല്ലാതെ ആ പേര് പറയാന്‍ സാധ്യമല്ല.
സ്ത്രീശക്തിയുടെ ഏറ്റവും പ്രബലമായ അടയാളമാണ് ദേവിയുടെ ജീവിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാള്‍വയിലെ മാത്രമല്ല, അയല്‍ രാജ്യങ്ങളിലെ ജനങ്ങളും ഭരണാധികാരികളും വരെ അഹല്യാബായിയെ ദേവിയെന്ന് വിളിച്ചു. എല്ലാവരും ആദരിച്ചു. ആരും മാള്വയോട് യുദ്ധത്തിന് ഒരുമ്പെട്ടില്ല. നയതന്ത്രജ്ഞ എന്ന നിലയിലും എക്കാലത്തെയും മികച്ച ഭരണാധികാരിയാണ് റാണിയെന്ന് സര്‍സംഘചാലക് പറഞ്ഞു.
സംസ്കാരത്തിന്റെ സൗധം ശക്തിപ്പെടുത്തുന്നതിനായി ദേവി രാജ്യത്തുടനീളം ക്ഷേത്രങ്ങള്‍ പണിതു. ഭഗവാന് ശിവന്റെ കരുണയോടെ താന്‍ രാജ്യം ഭരിക്കുന്നു എന്നതായിരുന്നു ദേവി മുന്നോട്ടുവച്ച ആദര്‍ശം. നദീഘട്ടുകളും ധര്‍മശാലകളും ഭാരതത്തിലുടനീളം നിര്‍മിച്ചു. ഇത്തരം നിര്‍മിതികള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് ചെലവിട്ടില്ല. ലളിത ജീവിതമായിരുന്നു അഹല്യാബായിയുടേതെന്ന് സര്‍സംഘചാലക് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: