ആത്മതുല്യന്മാരും വീരന്മാരും ധര്മ്മശാസ്ത്രകുശലരും സത്കുലജാതന്മാരുമായ മന്ത്രിമാരെയല്ലേ തെരഞ്ഞെടുത്തിരിക്കുന്നത്. അവരോട് രഹസ്യാലോചന നടത്തുന്നില്ലേ? അധികം ഉറങ്ങുന്നില്ലല്ലോ? ഉചിത കാലത്തില്‍ ഉണരുന്നില്ലേ? രാത്രികളില്‍ ഒടുവിലത്തെ യാമങ്ങളില്‍ ഓരോകാര്യത്തിലും കഴിഞ്ഞതും, തത്കാല സ്ഥിതിയും, മേലില്‍ ചെയ്യാനുള്ളതും ഇങ്ങനെ മൂന്നിനേയും കുറിച്ച് ദീര്‍ഘാലോചന ചെയ്യുന്നില്ലേ? ഏകനായി ആലോചിച്ചു തീരുമാനമെടുക്കരുത്, പലരോടും കൂടി ആലോചിക്കാതിരിക്കുകയും വേണം. ഈ കാര്യാലോചനകള്‍ രാജ്യത്ത് പരസ്യമാകാതെ ശ്രദ്ധിക്കുകയും വേണം. ഒരു നല്ല കാര്യം ചെയ്യാന്‍ അടിസ്ഥാനപരമായി ചിന്തിച്ചുറപ്പിക്കുകയും കാലതാമസമില്ലാതെ അതു ചെയ്യുകയും വേണം.
പദ്ധതി പൂര്‍ത്തിയായ ശേഷമേ അന്യ രാജാക്കന്മാര് അതറിയാവൂ. നിശ്ചയിക്കപ്പെട്ടവയേയും നിശ്ചയിക്കപ്പെടേണ്ടവയേയും അവര്‍ അറിയരുത്. രാജാവ് മന്ത്രിമാരുമായി ആലോചിച്ചുറപ്പിച്ച സംഗതികള്‍ ഊഹങ്ങള്‍ കെണ്ടോ അനുമാനം കൊണ്ടോ മുഖഭാവം കൊണ്ടോ ആര്‍ക്കും വെളിപ്പെടരുത്. അനേകം മൂഢന്മാരെക്കാളും ഒരു പണ്ഡിതനാണു നല്ലത്. അവര്‍ക്കേ ബുദ്ധിമുട്ടുകളില്‍ സഹായിക്കാനാവൂ.
പ്രധാനപ്പെട്ട ആളുകള്‍ മുഖ്യ കാര്യങ്ങളില്‍ മാത്രവും ഇടത്തരക്കാര്‍ ഇടമട്ടിലുള്ള കാര്യങ്ങളിലും സാധാരണക്കാര്‍ സാധാരണകൃത്യങ്ങളില് തന്നെയും വിനിയോഗിക്കപ്പെടണം.പാരമ്പര്യമായുള്ളവരും പരിശുദ്ധരും, പരിശോധിച്ച് വിശ്വസ്തര്‍ എന്നറിഞ്ഞവരും ഉത്തമന്മാരുമായ മന്ത്രിമാരെയേ ശ്രേഷ്ഠ കാര്യങ്ങളില്‍ വിനിയോഗിക്കാവൂ. കുറ്റങ്ങള്‍ക്ക് അധികരിച്ച ശിക്ഷ നല്കുന്ന രക്ഷാധികാരികളെ കുറിച്ചു പരാതികള്‍ ലഭിക്കാറുണ്ടോ? അന്യായമായി കരം പിരിക്കരുത്. ഐശ്വര്യത്തെ കെടുത്തുന്ന, ദുര്‍മാര്‍ഗ്ഗങ്ങളില്‍ ചരിച്ച്, എന്തും ചെയ്യാമെന്നു കരുതി വിഹരിക്കുന്നവരുണ്ടെങ്കില് അവരെ വധിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ രാജാവ് കൊല്ലപ്പെടും എന്നും ശ്രീരാമചന്ദ്രന് അനുജനായ ഭരതനെ ഉപദേശിക്കുന്നു.
സേനാധിപന് ആയി തെരഞ്ഞെടുക്കേണ്ടത് ബുദ്ധിമാന്, ധീരന്, സ്ഥിരോത്സാഹി, സമര്ത്ഥന്, പരിശുദ്ധന്, സത്കുലജാതന്, രാജഭക്തിയുള്ളവന്, ദുരാഗ്രഹിയല്ലാത്തവന് എന്നിങ്ങനെ ഉള്ളവനെ ആയിരിക്കണം. സൈന്യത്തിനു നിത്യച്ചെലവിനുള്ള പണവും സൈനികര്‍ക്കു ശമ്പളവും കൃത്യമായി നല്‍കണം. ഇല്ലെങ്കില്‍ അവര്‍ രാജാവില്‍ നീരസമുള്ളവരാകും. ഇത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും.
ദൂതനെ(ഡിപ്ലോമാറ്റ്) നിയമിക്കുമ്പോള്‍ നാട്ടിലുള്ളവന്, സമര്ത്ഥന്, പണ്ഡിതന്, ശാസ്ത്രങ്ങള്‍ അറിയുന്നവന്, സത്യവാദി, ബുദ്ധിമാന് എന്നിങ്ങനെയുള്ളവരെ തെരഞ്ഞെടുക്കണം. 18 രാജ്യാധികാരികളില്‍ രാജാവിനു വ്യക്തമായറിയാവുന്ന മൂന്നു പേര്(മന്ത്രി, പുരോഹിതന്, യുവരാജാവ്) ഒഴികെ ബാക്കിയുള്ള 15 പേരുടെ പ്രവര്‍ത്തനവും മുമ്മൂന്നു ചാരന്മാരെ വച്ച് അന്വേഷിക്കണം. ഈ മൂന്നു ചാരന്മാരും ഇക്കാര്യം പരസ്പരം അറിയാതെ ശ്രദ്ധിക്കണം.
അക്കാലം ഭരണനിര്‍വഹണത്തിലും രാജ്യപാലനത്തിലും പ്രധാനികളായ ഈ 15 പേര് ആരൊക്കെയെന്നതു നോക്കാം.
1) സൈന്യാധിപതി, 2) ദ്വാരപാലകന് (ചീഫ് ഓഫ് ഗാര്‍ഡ്സ്), 3) അന്തപ്പുര കാര്യനിര്വ്വാഹകന് (സെക്രട്ടറി), 4)ബന്ധനാധികാരി(ജയില്‍ സൂപ്രണ്ട്), 5) ധനാദ്ധ്യക്ഷന്‍(ധനമന്ത്രി), 6) രാജാവിന്റെ ആജ്ഞകളെ വിളംബരപ്പെടുത്തുന്നയാള്, 7) വ്യവഹാരാദ്ധ്യക്ഷന്(സോളിസിറ്റര്‍ ജനറല്‍), 8) ധര്‍മ്മാധികാരി(ചീഫ് ജസ്റ്റിസ്), 9) സഭാദ്ധ്യക്ഷന് (സ്പീക്കര്‍), 10) സൈന്യത്തിന്റെ കാര്യം നോക്കുന്നയാള്‍, 11) പാലം, കെട്ടിടം മുതലായ പണികളുടെ(പൊതുമരാമത്ത്) അധികാരി, 12) നഗരാദ്ധ്യക്ഷന്‍ (മേയര്‍), 13) കലഹം, കളവ് മുതലായവ ഇല്ലാതെ നോക്കുന്നയാള്‍(പോലീസ് കമ്മീഷണര്‍), 14) ശിക്ഷാധികാരി (ചീഫ് എക്സിക്യൂഷണര്‍), 15) കടലോരം കാക്കുന്നയാള്‍ (ചീഫ് അഡ്മിറല്‍).
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: