കൊല്ലം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ ആഫ്രിക്കന്‍ ഡേ ആഘോഷിച്ചു. കെനിയ ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ മേരി മ്യൂനി മുറ്റുകു, എജുക്കേഷന്‍ അറ്റാഷെ എസ്ത്തര്‍ കരിമ മുതുഅ എന്നിവര്‍ മുഖ്യാതിഥികളായി.
അമൃത സ്കൂള്‍ ഫോര്‍ സസ്റ്റെയ്നബിള്‍ ഫ്യൂച്ചേഴ്സ്, അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പസില്‍ ആഫ്രിക്കന്‍ ദിനാഘോഷം സംഘടിപ്പിച്ചത്. വിശിഷ്ടാതിഥികളായി എത്തിയവര്‍ക്ക് ആവേശകരമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നൊരുക്കിയത്.
ബുധനാഴ്ച കൊച്ചിയിലെത്തിയ ഇരുവരും കൊച്ചി അമൃത ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് അമൃതപുരിയിലെത്തിയത്. തുടര്‍ന്ന് ക്യാമ്പസിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും ഹോസ്റ്റലുകളും റിസര്‍ച്ച് ലാബുകളും സംഘം സന്ദര്‍ശിച്ചു. അമൃത സര്‍വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ കീഴില്‍ നടത്തിവരുന്ന ഗവേഷണങ്ങളെപ്പറ്റിയും സംഘം അന്വേഷിച്ചറിഞ്ഞു.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും പ്രൊജക്ട് ഓഫീസുകളും സന്ദര്‍ശിച്ച ശേഷം അമൃതേശ്വരി ഹാളില്‍ സംഘടിപ്പിച്ച ആഫ്രിക്കന്‍ ദിനാഘോഷത്തില്‍ മേരി മ്യൂനി മുറ്റുകു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.
പഠന, ഗവേഷണ രംഗങ്ങള്‍ക്ക് അമൃത സര്‍വകലാശാല വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇവിടുത്തെ ഗവേഷണ പദ്ധതികളിലെല്ലാം ഗ്രാമീണരോടുള്ള കരുതലും സ്നേഹവുമെല്ലാം പ്രതിഫലിക്കുന്നുണ്ടെന്നും അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് ഡീന്‍ ഡോ. ഭവാനി റാവു, സ്കൂള്‍ ഓഫ് സസ്റ്റെയ്നബിള്‍ ഫ്യൂച്ചേഴ്സ് പ്രിന്‍സിപ്പല്‍ ഡോ. എം. രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമൂഹ്യ, സാംസ്കാരിക കലാ പൈതൃകത്തെ വിവരിച്ചു കൊണ്ടുള്ള ലഘു പ്രഭാഷണങ്ങളും ചടങ്ങില്‍ നടത്തി. ഇതിനു ശേഷം അരങ്ങേറിയ ആഫ്രിക്കന്‍ സംഗീതവും നൃത്തവുമെല്ലാം സദസിന് കൗതുകമായി. ആഫ്രിക്കന്‍ കലാരൂപങ്ങള്‍ക്കു ശേഷം ഡോ. മനീഷ വി. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കേരളത്തനിമയിലുള്ള കൈകൊട്ടിക്കളിയും അരങ്ങിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: