തിരുവനന്തപുരം: മണിക്കൂറുകളോളം ആര്ത്തലച്ചുപെയ്ത മഴയില്‍ തലസ്ഥാന നഗരം വെള്ളത്തില്‍ മുങ്ങി. മലയോര മേഖലയിലും തീരദേശത്തും കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി. റോഡുകള്‍ കര കവിഞ്ഞു. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞു. ഹൈവേയിലും രാജവീഥിയിലും ഇടറോഡുകളിലും വെള്ളക്കെട്ട്. മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ പലയിടത്തും ഗതാഗതക്കുരുക്കായി.
നഗരത്തില്‍ ചാല മാര്‍ക്കറ്റും ബേക്കറി ജങ്ഷനും തമ്പാനൂരും എസ്എസ് കോവില്‍ റോഡും കിഴക്കേക്കോട്ടയും വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍ തോടും വട്ടിയൂര്‍ക്കാവ് മണ്ണാമൂലയില്‍ കിള്ളിയാറും കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയതോടെ നിരവധി പേരെ ഒഴിപ്പിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. പഴവങ്ങാടി പവര്‍ഹൗസ് റോഡിലും വലിയതോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മുറിഞ്ഞപാലം തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാറ്റൂര്‍ ഭഗവതി ക്ഷേത്രത്തിനുസമീപത്തും തോട് കര കവിഞ്ഞു.
ചെട്ടിവിളാകം വാര്‍ഡില്‍ സാന്ത്വനം ഹോസ്പിറ്റല്‍ റോഡ്, ചാലയില്‍ സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, പോങ്ങുംമൂട് മെയിന്‍ റോഡ്, പാപ്പനംകോട് സ്നേഹപുരി, കൃഷ്ണനഗര്‍ റോഡ്, മേലാംകോട് അമ്പലക്കുന്ന്, വാണിവിളാകം റോഡ്, പൂന്തുറ മാണിക്യവിളാകം ആലുകാട്, കരമന നെടുങ്കാട്, കണ്ണമ്മൂല, ജഗതി, ആറ്റിപ്ര മുള്ളുവിള കോളനി, വള്ളക്കടവ്, കമലേശ്വരം, വലിയവിള, വട്ടിയൂര്‍ക്കാവ് പുളിമൂട് ലൈന്‍, പേരൂര്‍ക്കട അഭയനഗര്‍, ശാസ്തമംഗലം പഴനി നഗര്‍ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. മെഡിക്കല്‍ കോളജ് വാര്‍ഡിലെ കൊട്ടിയോട് മതില് ഇടിഞ്ഞുവീണു. ചില സ്ഥലങ്ങളില്‍ നഗരസഭ പമ്പുപയോഗിച്ച് മഴവെള്ളം നീക്കംചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ വാര്‍ഡ് കൗണ്‍സിലറെയോ കണ്ട്രോള് റൂമിലെ 9446677838 നമ്പരിലോ വിവരം അറിയിക്കണമെന്ന് നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 0471 2302643, 0471 2330736.
പ്രതികരിക്കാൻ ഇവിടെ എഴുതുക: