ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ ഹൈന്ദവര്‍ തയ്യാറാകുന്നില്ലെന്നും ഇതിന് മാറ്റം വരേണ്ടത് അനിവാര്യമാണെന്നും സാഹിത്യകാരന് സി. രാധാകൃഷ്ണന്.
എന്‍എസ്എസ് ഹിന്ദുകോളജ് പ്രിന്‍സിപ്പലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളുമായ ഡോ. എസ്. സുജാത രചിച്ച ”മന്നത്ത് പത്മനാഭന് വിഷന്‍ ഓഫ് ഹിന്ദുയിസം” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിഷന്‍ ഓഫ് ഹിന്ദുയിസം എന്ന് പറയുന്നത് പലര്‍ക്കും പലതാണ്. മന്നത്ത് പത്മനാഭന്റെ കാഴ്ച്ചപ്പാടെന്തായിരുന്നു എന്നതാണ് ഈ പുസ്തകത്തിലൂടെ ഡോ. സുജാത പറയാന്‍ ശ്രമിക്കുന്നതെന്നും സി. രാധാകൃഷ്ണന് പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി സി. രാധാകൃഷ്ണന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്ക് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍, നായകസഭാംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ഡോ. എസ്. സുജാത എന്നിവര്‍ സംസാരിച്ചു. മന്നത്ത് പത്മനാഭന് തന്നെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചരിത്രത്തെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശവും ചടങ്ങില്‍ കേള്‍പ്പിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി തന്നെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എന്‍എസ്എസ് ആസ്ഥാനത്തും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: