കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ഡോ. വന്ദനാദാസ് കൊലചെയ്യപ്പെട്ട കേസില്‍ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക ഉള്‍പ്പെടെ പ്രോസിക്യൂഷന് ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.
പ്രതി ഫയല്‍ ചെയ്ത വിടുതല്‍ ഹര്‍ജി തള്ളിയ കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ്, കുറ്റപത്രം വായിച്ച് കേള്‍ക്കുവാന്‍ ജൂണ്‍ ആറിന് പ്രതിയെ നേരിട്ട് ഹാജരാക്കാനും ഉത്തരവിട്ടു.
വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയിരിക്കുന്ന രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണ കോടതി തീരുമാനമെടുക്കേണ്ടതെന്ന 2023 ലെ സുപ്രീംകോടതി വിധി ഈ കേസിന് ബാധകമാണെന്ന വാദമാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി. പടിക്കല്‍ പ്രധാനമായും ഉയര്‍ത്തിയത്.
മാനസികരോഗമുള്ളതുകൊണ്ട് പ്രതിയെ കുറ്റവിമുക്തനാക്കണമെന്നും പ്രതി കൊലപാതകം ചെയ്തതിന് സാക്ഷികള്‍ ഇല്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.
വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന സമയം ഏതെങ്കിലും തരത്തിലുള്ള തെളിവ് ഹാജരാക്കാന്‍ പ്രതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ ഉദ്ദേശ്യത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ. വന്ദനക്ക് നേരെയുണ്ടായത്, പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും ആശുപത്രിയിലെ ഡ്രസിങ് റൂമില്‍ മനഃപൂര്‍വമായി ബഹളമുണ്ടാക്കി, കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ പല തവണ മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശ്യത്തെ വെളിവാക്കുന്നതാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
വന്ദനയെ കൈകള്‍ പിടിച്ച് ബലമായി ഇരുത്തി 26 തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നും പ്രതിക്ക് യാതൊരുവിധ മാനസിക അസുഖവുമില്ലെന്നും കൊലപാതകത്തിന് ശേഷമുള്ള പ്രതിയുടെ പ്രവൃത്തികള്‍ അത് വെളിവാക്കുന്നതാണെന്നും പ്രോസിക്യൂഷന് വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി കോടതി ഉത്തരവിട്ടത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: