ന്യൂദൽഹി: മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള് ജൂൺ 2 ന് കീഴടങ്ങണം.
ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഹര്‍ജി അവധിക്കാല ബെഞ്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരുടെ അവധിക്കാല ബെഞ്ചിനു മുമ്പാകെയാണ് ഹര്‍ജിയെത്തിയത്. ചീഫ് ജസ്റ്റിസിന് ഹര്‍ജി കൈമാറുകയാണെന്നും എപ്പോള്‍ വാദം കേള്‍ക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞാണ് ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്ന ആവശ്യവുമായി കേജ്രിവാള് കോടതിയിലെത്തിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേജ്രിവാളിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വി അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഹര്‍ജി കേട്ട ബെഞ്ച് ചീഫ് ജസ്റ്റിസിന് കൈമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. വിവിധ പരിശോധനകള്‍ നടത്താനുണ്ടെന്നും ഇടക്കാല ജാമ്യം ഏഴു ദിവസം കൂടി നീട്ടിത്തരണമെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ഇക്കാര്യം ഇടക്കാല ജാമ്യം അനുവദിച്ചപ്പോള്‍ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ജൂണ്‍ ഒന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ദല്‍ഹി മദ്യനയ അഴിമതികേസില്‍ മാര്‍ച്ച് 21നാണ് ഇ ഡി കേജ്രിവാളിനെ അറസ്റ്റു ചെയ്തത്. 50 ദിവസത്തിനു ശേഷം മേയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: