ഇടുക്കി: ബാര്‍കോഴ സംബന്ധിച്ച ആരോപണത്തില്‍ ക്രൈംബ്രാഞ്ച് സംഘം അണക്കര സ്പൈസ് ഗ്രോവ് ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. നെടുങ്കണ്ടത്തെ എലഗന്‍സ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശത്തില്‍ സ്പൈസ് ഗ്രോവ് ഹോട്ടല്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
പണം നല്‍കിയിട്ടില്ലെന്നും പണം നല്കാന് നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും അരവിന്ദാക്ഷന് മൊഴി നല്കി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് മുമ്പ് പണം നല്‍കിയതായും അരവിന്ദാക്ഷന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്.
കോഴ വിവാദവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച ശബ്ദസന്ദേശത്തില്‍ അനിമോന് കൂടി പങ്കാളിത്തമുള്ള അണക്കര സ്പൈസസ് ഗ്രോബ് ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ 2.5 ലക്ഷം നല്‍കിയെന്ന പരാമര്‍ശം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നലെ ഇടുക്കിയിലെത്തി അരവിന്ദാക്ഷന് മൊഴി രേഖപ്പെടുത്തിയത്.
തന്നോടാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടര ലക്ഷം നല്‍കിയിട്ടില്ലെന്നും അരവിന്ദാക്ഷന് മൊഴി നല്കി. ഓഡിയോ സന്ദേശം പ്രചരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: