ജൂണ്‍ ഒന്നിന് ഇന്‍ഡി സഖ്യം യോഗം ചേര്‍ന്ന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നതു സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളില്ലാതെ വകുപ്പ് വിഭജനം സാധ്യമാക്കണം എന്നതടക്കം യോഗത്തിന്റെ അജണ്ടയിലുണ്ടെന്നും മലയാള മാധ്യമങ്ങള്‍ പറയുന്നു. കേന്ദ്രമന്ത്രിസഭയില്‍ പരമാവധി പ്രധാന വകുപ്പുകള്‍ വാങ്ങിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ഡിഎംകെയെന്നും മുന്‍ കേന്ദ്രമന്ത്രിമാരായ ടി.ആര് ബാലുവും എ.രാജയും വീണ്ടും കേന്ദ്രമന്ത്രിമാരാകാന്‍ തയ്യാറെടുക്കുന്നതായും കനിമൊഴി കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നുമൊക്കെ ഒരു മലയാള പത്രവും എഴുതിക്കണ്ടു. 2019ല്‍ രാഹുല്‍ഗാന്ധിയെ ‘പ്രധാനമന്ത്രിയാക്കി’ മലയാളിയെ പറഞ്ഞു പറ്റിച്ച് 19 ലോക്സഭാ സീറ്റുകളും കോണ്‍ഗ്രസിന് നല്കിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് പുതിയ വാര്‍ത്തകള്‍ക്കും പിന്നില്‍. വയനാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി എന്ന മുദ്രാവാക്യത്തില്‍ മയങ്ങിപ്പോയ മലയാളി വോട്ടര്‍മാര്‍ക്ക് അഞ്ചു കൊല്ലങ്ങള്‍ക്കിപ്പുറവും നേരം വെളുത്തിട്ടില്ലെന്ന് ഈ മലയാള മാധ്യമങ്ങള്‍ക്ക് നന്നായറിയാം. അമേഠിയിലെ തോല്‍വി മുന്നില്‍ കണ്ട് ഒരുഗതീം പരഗതീം ഇല്ലാത്ത ഒളിച്ചോട്ടമായിരുന്നു വയനാട്ടിലേക്ക് രാഹുല്‍ നടത്തിയതെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലാത്തവര്‍ ഇഷ്ടംപോലുള്ള നാട്ടില്‍ ഇതും ഇതിനപ്പുറവും ചെലവാകും.
ലോക്സഭാ ഫലം പുറത്തുവന്ന് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ഇന്‍ഡി സഖ്യത്തിന്റെ പ്രധാനമന്ത്രി ആരെന്നതില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും മലയാള മാധ്യമങ്ങള്‍ എഴുതിത്തള്ളുന്നുണ്ട്. ഇത്തരം വാര്‍ത്തകളൊന്നും തന്നെ രാജ്യത്തെ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളില്‍ നമുക്ക് കാണാനാവുന്നില്ല എന്നത് നിരാശാജനകം തന്നെയാണ്. ഓരോ ഘട്ടം കഴിയുമ്പോഴും ഞങ്ങള്‍ 272ന് മുകളില്‍ സീറ്റുകളായിക്കഴിഞ്ഞു എന്ന വീമ്പ് പറയുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയേയും ജയറാം രമേശിനെയും വാര്‍ത്തകളില്‍ കാണണമെങ്കിലും മലയാള മാധ്യമങ്ങള്‍ തന്നെ ശരണം. മറ്റൊരു നാട്ടിലെ മാധ്യമങ്ങളും ആളുകളെ പറ്റിക്കുന്ന ഈ പരിപാടിക്ക് ഇത്രയും സ്ഥലവും സമയവും അവരുടെ മാധ്യമത്തിലൂടെ നല്‍കാറില്ല. നമ്പര്‍ വണ്‍ മലയാളിക്ക് പറ്റിയ നമ്പര്‍ വണ്‍ മാധ്യമങ്ങള്‍.
ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പാണ് ജൂണ്‍ 1ന് നടക്കുന്നത്. രാജ്യത്തെ 57 ലോക്സഭാ മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും. ഒന്നര മാസത്തോളമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവലോകനവും സ്വാഭാവികമായും ജൂണ്‍ ഒന്നിനും രണ്ടിനുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തുന്നുണ്ട്. ജൂണ്‍ ഒന്നിന് വൈകിട്ട് ബിജെപിയും എന്‍ഡിഎയും അവലോകനം നടത്തുന്നുണ്ട്. സമാനമായ രീതിയില്‍ ഇന്‍ഡി സഖ്യ കക്ഷികളും യോഗം ചേരുന്നു. എന്നാല്‍ ഇതിനെ വിജയമുറപ്പിച്ച ശേഷമുള്ള വകുപ്പ് വിഭജന യോഗമാക്കി മാറ്റാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയധികം ഏകപക്ഷീയമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മറ്റൊരു കൂട്ടരും ഈ രാജ്യത്തുണ്ടാവില്ലെന്നുറപ്പ്. ജൂണ്‍ നാലിന് ലോക്സഭാ ഫലം പുറത്തുവരുമ്പോള്‍ സ്വയം വിലയിരുത്തലിന് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് മാത്രമേ ഇത്തരക്കാരോട് പറയാനുള്ളൂ.
യുപി പിടിച്ചാല്‍ രാജ്യം പിടിക്കാം എന്നാണ് പറയാറുള്ളത്. ഭാരതത്തിന്റെ രാഷ്ട്രീയ, ഭൗമശാസ്ത്ര സാഹചര്യങ്ങളില്‍ ഏറെക്കുറെ സത്യവുമാണത്. 2014ല്‍ നരേന്ദ്രമോദിയേയും ബിജെപിയേയും പത്തുവര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറ്റിയതിന് പിന്നില്‍ യുപിയില്‍ നിന്ന് ലഭിച്ച 73 സീറ്റുകളുടെ വലിയ പിന്തുണയുണ്ടായിരുന്നു. 80 ലോക്സഭാ സീറ്റുകളുള്ള യുപി അന്ന് ഭരിച്ചിരുന്നത് സമാജ് വാദി പാര്‍ട്ടിയാണ്. മുലായം സിങ് യാദവിനെ മാറ്റി അധികാരമേറ്റെടുത്ത അഖിലേഷ് യാദവ് സര്‍ക്കാര്‍ യുപി ഭരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രചാരണ തന്ത്രങ്ങളുടെ മികവില്‍ ബിജെപി യുപിയില്‍ വലിയ മുന്നേറ്റം നടത്തിയത്. അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടി അന്ന് വെറും അഞ്ചു സീറ്റിലേക്ക് ഒതുങ്ങി.
കോണ്‍ഗ്രസാവട്ടെ അമേഠിയിലും റായ്ബറേലിയിലും മാത്രം വിജയിച്ചു. അഖിലേഷിന്റെയും കോണ്‍ഗ്രസിന്റെയും യുപിയിലെ പതനത്തിന്റെ തുടക്കമായിരുന്നു അത്. 2017ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തി. ഇതോടെ അഖിലേഷ് യാദവ് വഴിയാധാരവുമായി. ദേശീയ രാഷ്ട്രീയത്തിലെ രാഹുല്‍ഗാന്ധിയാണ് യുപിയിലെ അഖിലേഷ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥയ്ക്ക് യുപിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ സമാജ് വാദി പാര്‍ട്ടി എല്ലാ ഭിന്നതകളും മറന്ന് മായാവതിയുടെ ബിഎസ്പിക്കൊപ്പം ചേര്‍ന്നതോടെ ബിഎസ്പിയുടെ വലിയ വോട്ട് ബാങ്ക് ഫലം ചെയ്തു. ബിഎസ്പി പത്തു സീറ്റുകളിലും എസ്പി പഴയപോലെ അഞ്ചു സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസാവട്ടെ രണ്ടില്‍ നിന്ന് ഒന്നിലേക്ക് ഒതുങ്ങി. റായ്ബറേലിയില്‍ സോണിയ വിജയം നിലനിര്‍ത്തിയപ്പോള്‍ രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടു. ബിജെപി 64 സീറ്റുകളിലാണ് 2019ല്‍ യുപിയില്‍ വിജയിച്ചത്. പത്തു സീറ്റുകള്‍ യുപിയില്‍ കുറഞ്ഞപ്പോള്‍ പോലും ദേശീയ തലത്തില്‍ ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ 282ല്‍ നിന്ന് 303ലേക്ക് ഉയര്‍ന്നു.
2022ലാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെയും സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും നിരാശയായിരുന്നു ഫലം. 403 അംഗ നിയമസഭയില്‍ അഖിലേഷ് 111 സീറ്റിലേക്ക് ഒതുങ്ങി. ബിഎസ്പിക്ക് ഒരു സീറ്റും കോണ്‍ഗ്രസിന് രണ്ടു സീറ്റും ആര്‍എല്‍ഡിക്ക് എട്ടു സീറ്റുകളും ലഭിച്ചു. 255 സീറ്റിന്റെ വലിയ വിജയത്തോടെയായിരുന്നു യോഗി ആദിത്യനാഥ് രണ്ടാമൂഴത്തിലേക്കെത്തിയത്. ഇത്തവണ യുപിയില്‍ എസ്പിയും കോണ്‍ഗ്രസും തമ്മിലാണ് സഖ്യം. ബിഎസ്പി പ്രതിപക്ഷ സഖ്യത്തിലില്ല. എണ്പതു സീറ്റുകളിലും ബിഎസ്പി തനിച്ചു മത്സരിക്കുന്നു. സംസ്ഥാനത്ത് 15 ശതമാനത്തിലധികം ഫിക്സഡ് വോട്ട് ബാങ്കുള്ള പാര്‍ട്ടിയാണ് ബിഎസ്പി. കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും യുപിയിലെ അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ വാങ്ങിയാണ് ബിജെപി വലിയ വിജയം കരസ്ഥമാക്കിയത്. ബാക്കിയുള്ള 35 ശതമാനം വോട്ടിന് വേണ്ടിയാണ് എസ്പി, കോണ്‍ഗ്രസ് സഖ്യവും മറ്റു പ്രാദേശിക പാര്‍ട്ടികളും എല്ലാം മത്സരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ആകെയുള്ള 80 സീറ്റുകളില്‍ ഇത്തവണയും ബഹുഭൂരിപക്ഷവും ബിജെപിയിലേക്ക് തന്നെ പോകുമെന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. അയോദ്ധ്യയിലെ രാമക്ഷേത്രവും യോഗി ആദിത്യനാഥിന്റെ ഭരണ മികവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും യുപിയുടെ ജനവിധി എന്തെന്ന് വ്യക്തമാക്കുന്ന ഘടകങ്ങളാണ്. പത്തു സീറ്റുകള്‍ പോലും പ്രതിപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയില്ലാത്ത യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം അമ്പതു സീറ്റുകള്‍ വരെ നേടുമെന്ന് വാര്‍ത്ത ചമച്ചുവിടുന്ന മലയാള മാധ്യമങ്ങളോട് സഹതപിക്കുകയേ വഴിയുള്ളൂ. അതു വായിച്ചും കണ്ടും സമയം കളയുന്നവരോട് അതിലേറെ സഹതാപം.
ആറു ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന്റെ വിലയിരുത്തല്‍ നടത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് 310ന് മുകളില്‍ സീറ്റുകളിലേക്ക് എന്‍ഡിഎ എത്തിക്കഴിഞ്ഞു എന്നതാണ്. ബംഗാളില്‍ 24 മുതല്‍ 30 സീറ്റുകള്‍ വരെയും ഒറീസയിലും ആന്ധ്രയിലും 17 വരെ സീറ്റുകളും ബിജെപി-എന്‍ഡിഎ നേടുമെന്നും അമിത് ഷാ വ്യക്തമാക്കുന്നു. യുപിയില്‍ 75 സീറ്റുകളിലേക്ക് വരെ ബിജെപിയുടെ വിജയം ഉയര്‍ന്നേക്കാമെന്നാണ് യുപിയിലെയും ദേശീയ തലത്തിലെയും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്ത് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വ്വേകളെല്ലാം യുപിയില്‍ ബിജെപിക്ക് 35-40 സീറ്റുകളും മഹാഗഡ്ബന്ധന് എന്ന എസ്പിബിഎസ്പി സഖ്യത്തിന് 40-50 സീറ്റുകളുമാണ് പ്രവചിച്ചത്. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം നടന്ന എക്സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷം സര്‍വ്വേകളും ബിജെപിക്ക് 60-65 സീറ്റുകള്‍ ലഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. ജൂണ്‍ ഒന്ന് വരെ മാധ്യമങ്ങള്‍ എന്തും പറയും. എന്നാല്‍ എക്സിറ്റ് പോളുകള്‍ പുറത്തുവരുന്നതോടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം. ജൂണ്‍ നാലിന് ഇനി വെറും ഒരാഴ്ച കൂടി കാത്തിരുന്നാല്‍ മതിയല്ലോ. തോല്‍വി സംഭവിച്ചാല്‍ വോട്ടിംഗ് യന്ത്രത്തെ പഴി പറയാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കാത്തിരിക്കുന്ന ഇന്‍ഡി സഖ്യ നേതാക്കള്‍ മലയാള മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വിരുന്നൊരുക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: