ഘോസി(ഉത്തര്‍പ്രദേശ്): ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇന്‍ഡി മുന്നണി മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ രാജ്യത്തെ ഭൂരിപക്ഷജനതയെ രണ്ടാംതരം പൗരന്മാരായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ഘോസിയില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വാഞ്ചല്‍ എന്നും ജനദ്രോഹികളെ ശിക്ഷിച്ച പാരമ്പര്യമുള്ള പ്രദേശമാണ്. ഇന്ന് ഞാന്‍ പൂര്‍വാഞ്ചലിലേക്ക് വന്നത് ഇന്‍ഡി മുന്നണിക്കാരുടെ ഈ ഗൂഢനീക്കം നിങ്ങളോട് തുറന്ന് പറയാനാണ്. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എല്ലാ ജാതിവിഭാഗങ്ങളിലും പെട്ട ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. അവര്‍ക്ക് ഭാരതീയരെയല്ല ആവശ്യം. ദളിത്, ബ്രാഹ്മണന്, രജപുത്രര്‍, ചൗഹാന്, യാദവര്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം കള്ളികളിലാക്കി ജനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്, മോദി പറഞ്ഞു.
സമൂഹം ഒന്നിച്ച് നിന്ന് ഇതിനെ എതിര്‍ക്കണം. ഒന്നിച്ചില്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റി ഇത്തരം ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലേക്ക് എത്തിക്കും. മൂന്ന് വലിയ ഗൂഢാലോചനകളാണ് ഇന്‍ഡി മുന്നണിക്കാര്‍ നടത്തിയത്. ഭരണഘടനാ വിരുദ്ധമായി സംവരണം മതാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പിന്നാക്കജനതയ്ക്ക് അവകാശപ്പെട്ട സംവരണം പൂര്‍ണമായും എടുത്തുമാറ്റുക. മൂന്നാമത്തേത് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുക. ഇവര്‍ക്ക് രാജ്യത്തെ ഭൂരിപക്ഷ ജനത രണ്ടാംതരം പൗരന്മാര് മാത്രമാണ്, മോദി പറഞ്ഞു.
എസ്പിയും കോണ്‍ഗ്രസും കുടുംബവാദികളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷം പൂര്‍വാഞ്ചല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഏഴ് വര്‍ഷമായി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയെയും തെരഞ്ഞെടുത്ത മേഖലയാണ്. ഘോസി, ബലിയ, സലേംപൂര്‍ മണ്ഡലങ്ങള്‍ ഒരു എംപിയെ അല്ല, പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്.
കന്നിവോട്ട് ചെയ്യാന്‍ പോകുന്നവരുടെ മനസില്‍ 2012ല്‍ സമാജ്വാദി പാര്‍ട്ടി ഇറക്കിയ മാനിഫെസ്റ്റോ ഉണ്ടാകണം. ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടനാപരമായി ദളിതര്‍ക്ക് നീക്കിവച്ച സംവരണം അതേ അളവില്‍ മുസ്ലീങ്ങള്‍ക്കും നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്. ഇത് ഭരണഘടനയുടെ ആത്മാവിന് എതിരാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: