കൊല്‍ക്കത്ത: ബംഗാളിന്റെ ഹിന്ദുതനിമയ്ക്കെതിരെ മമത നടത്തിയ അതിക്രമങ്ങളോട് ഓരോ ഇഞ്ചും പൊരുതിയാണ് രാജ്ഗഞ്ചുകാരി ദേബശ്രീ പോരാളിയുടെ പര്യായമായി മാറിയത്. 2016ല്‍ കൊല്‍ക്കത്ത ടിപ്പുസുല്‍ത്താന്‍ മോസ്കിലെ ഷാഹി ഇമാം മൗലാന നൂര്‍ ഉര് റഹ്മാന് ബര്കാതിക്കെതിരെ പൊതുനിരത്തില്‍ പ്രസംഗിച്ചെന്ന പേരില്‍ മമത ജയിലില്‍ അടച്ചിട്ടുണ്ട് ദേബശ്രീ ചൗധരിയെ. രണ്ടാം മോദി സര്‍ക്കാരില്‍ ശിശുക്ഷേമവകുപ്പില്‍ സഹമന്ത്രിയായി ദേബശ്രീ കൊല്‍ക്കത്തയില്‍ വരുമ്പോഴും പോരാട്ടത്തിന്റെ മുഖത്തിന് തെല്ലും മങ്ങലേറ്റില്ല.
അധികാരം ആസക്തിയാക്കി വളര്‍ത്തിയ മമതയോട് ദേബശ്രീ നേര്‍ക്കുനേര്‍ ചോദ്യങ്ങളെയ്തു. കവലകളില്‍ പ്രസംഗിച്ചു. തീയാളിയ വാക്കുകളിലൂടെ മമതയ്ക്കെതിരായ ജനരോഷം ആളിക്കത്തി. ശ്രീരാമകൃഷ്ണമിഷനും ഇസ്കോണിനുമെതിരെ മമത സര്‍ക്കാര്‍ നടത്തിയ ആക്ഷേപ പരാമര്‍ശങ്ങളോട് അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ദേബശ്രീ ചൗധരി പ്രതികരിച്ചത്.
2019ല്‍ ജന്മനാടായ രാജ്ഗഞ്ചില്‍ നിന്ന് ജനങ്ങള്‍ വിജയിപ്പിച്ചയച്ച ദേബശ്രീ ചൗധരി ഇക്കുറി ജനവിധി തേടുന്നത് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നാണ്. പോരാളിക്ക് ചേര്‍ന്ന വരവേല്പാണ് എവിടെയും ദേബശ്രീക്കായി ജനം ഒരുക്കുന്നത്. സാമൂഹികനീതി ഉറപ്പാക്കാന്‍ നടത്തിയ പോരാട്ടങ്ങളാണ് ദേബശ്രീയെ രാഷ്ട്രീയത്തിലെത്തിച്ചത്. മോദികാലത്തിന്റെ രാഷ്ട്രീയം ദേശത്താകെ വരുത്തുന്ന ഭാവാത്മക മാറ്റമാണ് ദേബശ്രീയെ ബിജെപിയുടെ കൊടി പിടിക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീശാക്തീകരണത്തിന്റെ സമാനതകളില്ലാത്ത മുന്നേറ്റമാണ് മോദിസര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് ബംഗാളിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്ത് ദേബശ്രീ അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു.
പൊരുതലാണ് അതിജീവനത്തിന്റെ ഉപാധിയെന്നും എന്തിനും തയാറായി സ്ത്രീകള്‍ പുറത്തിറങ്ങേണ്ട കാലമാണ് ബംഗാളിലെന്നും ദക്ഷിണകൊല്‍ക്കത്തയിലെ ദേബശ്രീ ചൗധരി പറയുമ്പോള്‍ ഉയരുന്നത് വിജയഘോഷമാണ്. പരിസ്ഥിതി, സേവനം, ഗ്രാമോദ്ധാരണം തുടങ്ങിയ മേഖലകളിലും ദേബശ്രീ വ്യക്തമുദ്ര ചാര്‍ത്തി. ജീവിതം പോരാട്ടമാക്കിയ ദേബശ്രീക്ക് വേണ്ടി കൈകോര്‍ക്കുകയാണ് ദക്ഷിണകൊല്‍ക്കത്തയിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: